Entertainment
കുട്ടികള്‍ക്കും ഫാമിലിക്കും വേണ്ടിയാണ് ഞാന്‍ എല്ലാ സിനിമയും ചെയ്യുന്നത്, ഗ്ലാമറിനെ ഒരിക്കലും തെറ്റായ ആംഗിളില്‍ ഞാന്‍ കാണിക്കാറില്ല: സുന്ദര്‍ സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 04:23 pm
Sunday, 20th April 2025, 9:53 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍ സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, വിശാല്‍ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദര്‍ സിയാണ്.

സംവിധാനം ചെയ്യുന്ന സിനിമകളിലെല്ലാം നായികമാരെ ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുന്നെന്ന് സുന്ദര്‍. സിയെക്കുറിച്ച് പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സുന്ദര്‍ സി. നടിമാരെ ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുന്നുണ്ടെങ്കിലും തന്റെ സിനിമകളുടെ പ്രധാന ഓഡിയന്‍സായി താന്‍ കാണുന്നത് കുട്ടികളെയും കുടുംബ പ്രേക്ഷകരെയുമാണെന്ന് സുന്ദര്‍ സി പറഞ്ഞു.

ഒരിക്കലും ഗ്ലാമറിനെ മോശമായിട്ടുള്ള ആംഗിളില്‍ താന്‍ കാണിച്ചിട്ടില്ലെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. ഒരു നായിക സാരി ഉടുത്ത് വരുന്നതിനെ വേണമെങ്കില്‍ മോശം ആംഗിളില്‍ കാണിക്കാന്‍ കഴിയുമെന്നും ഏത് വസ്ത്രം ധരിച്ചാലും അതിനെ മോശമായി കാണിക്കാതെ ഇരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും സുന്ദര്‍ സി പറഞ്ഞു.

തന്റെ സിനിമകളില്‍ ഒരിക്കലും വള്‍ഗര്‍ ഡയലോഗുകളോ, ഡബിള്‍ മീനിങ് ജോക്കുകളോ ഉണ്ടാകാറില്ലെന്നും ഫാമിലിക്ക് എന്‍ജോയ് ചെയ്യാന്‍ സാധിക്കുന്ന സിനിമകള്‍ മാത്രമേ താന്‍ എടുക്കാറുള്ളൂവെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. പല സംവിധായകരും വയലന്‍സ് കാണിക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യുമ്പോള്‍ പോലും താന്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ മുതിരാറില്ലെന്നും സുന്ദര്‍ സി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സുന്ദര്‍ സി.

‘എന്റെ സിനിമകളുടെ പ്രധാന ഓഡിയന്‍സായി ഞാന്‍ കാണുന്നത് കുട്ടികളെയും ഫാമിലിയെയുമാണ്. നായികമാരെ ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും മോശം ആംഗിളില്‍ ഞാന്‍ അവതരിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ഒരു നായികയെ സാരിയുടുത്ത് അവതരിപ്പിച്ചാലും അതിനെ മോശം ആംഗിളില്‍ കാണിക്കാന്‍ കഴിയും. എന്റെ പ്രേക്ഷകര്‍ക്ക് മോശം തോന്നാത്ത രീതിയിലാണ് ഓരോ സിനിമയെയും ഞാന്‍ സമീപിക്കുന്നത്.

എന്റെ സിനിമകളെല്ലാം എടുത്തു നോക്കിയാല്‍ അതില്‍ ഒരിക്കലും ഡബിള്‍ മീനിങ് തമാശകളോ വള്‍ഗര്‍ ഡയലോഗുകളോ കാണാന്‍ സാധിക്കില്ല. കാരണം, എന്റെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ ആരാണെന്ന ബോധ്യം എനിക്കുണ്ട്. പല സംവിധായകരും സിനിമകളില്‍ വയലന്‍സ് കാണിക്കുമ്പോള്‍ പോലും ഞാന്‍ അതിന് ശ്രമിക്കാറില്ല,’ സുന്ദര്‍ സി പറഞ്ഞു.

Content Highlight: Sundar C about using of glamour scenes in his movies