IPL
വിമര്‍ശിച്ചരുടെ വായടപ്പിച്ച ഹിറ്റ്മാന്‍ ഷോ; വിജയം 26 പന്ത് ബാക്കി നില്‍ക്കെ! വാംഖഡെയില്‍ സൂപ്പര്‍ കിങ്‌സിനെ കത്തിച്ച് മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 20, 05:33 pm
Sunday, 20th April 2025, 11:03 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗംഭീര വിജയവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഗംഭീര തിരിച്ചുവരവിന് കൂടെയാണ് വാംഖഡെ സ്‌റ്റേഡിയം വേദിയായത്. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ രചിന്‍ രവീന്ദ്ര നാലാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായിരുന്നു. ഒമ്പത് പന്ത് നേരിട്ട് അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങുന്നത്.

വണ്‍ ഡൗണായെത്തിയ ആയുഷ് മാഹ്‌ത്രെയുടെ ഇന്നിങ്‌സ് സൂപ്പര്‍ കിങ്‌സ് ടോട്ടിലന് അടിത്തറയൊരുക്കി. 15 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറും അടക്കം 213.33 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സാണ് അരങ്ങേറ്റക്കാരന്‍ അടിച്ചെടുത്തത്.

ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെയാണ് രണ്ടാം വിക്കറ്റായി സൂപ്പര്‍ കിങ്‌സിന് ആയുഷ് മാഹ്‌ത്രെയെ നഷ്ടമായത്. അധികം വൈകാതെ ഓപ്പണര്‍ ഷെയ്ഖ് റഷീദും മടങ്ങി. 20 പന്തില്‍ 19 റണ്‍സുമായാണ് താരം മടങ്ങിയത്. മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ റിയാന്‍ റിക്കല്‍ടണ്‍ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു.

പിന്നാലെയെത്തിയ രവീന്ദ്ര ജഡജേയും ശിവം ദുബെയും അര്‍ധ സെഞ്ച്വറികളുമായി തിളങ്ങി. ജഡേജ 35 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടിയപ്പോള്‍ 32 പന്തില്‍ 50 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്‌സ് 176ലെത്തി.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ ആഗ്രഹിച്ച സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഹിറ്റ്മാനായി രോഹിത് ശര്‍മ മടങ്ങിയെത്തിയ മത്സരത്തിന് കൂടിയാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്.

ആദ്യ വിക്കറ്റില്‍ 69 റണ്‍സാണ് രോഹിത്തും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 19 പന്തില്‍ 24 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആയുഷ് മാഹ്‌ത്രെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിച്ചു. സീസണില്‍ ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിന്റെ പേരില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത്.

മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ 76 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയരാനും മുംബൈയ്ക്കായി.

ഏപ്രില്‍ 23നാണ് മുംബൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലാണ് വേദി.

 

 

Content Highlight: IPL 2025: Mumbai Indians defeated Chennai Super Kings