അമൃത്സര്‍: ആംആദ്മി പഞ്ചാബ് യൂണിറ്റ് കണ്‍വീനര്‍ ഭഗ്വന്ത് മന്നിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
തന്റെ ബോസ്സുമാരെപ്പോലെ മന്‍ നുണയുടെയും വഞ്ചനയുടെയും കലയില്‍ പ്രാവീണ്യം നേടിയിട്ടുണ്ടെന്നാണ് അമരീന്ദര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഭരണഘടനയെയും നിയമനിര്‍മ്മാണ നടപടികളെയും സംബന്ധിച്ച കാര്യങ്ങളില്‍ നിസ്സാരമായ പ്രസ്താവനകള്‍ നടത്തി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ കഴിവില്ലായ്മ മന്‍ തുറന്നുകാട്ടിയെന്നും അമരീന്ദര്‍ പറഞ്ഞു.
‘നിങ്ങളുടെ നുണകളാല്‍ പഞ്ചാബിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും തെറ്റുപറ്റി. കാരണം ഓരോ പഞ്ചാബിയും നിങ്ങള്‍ വഞ്ചനയിലൂടെ കര്‍ഷകരുടെ ലക്ഷ്യത്തെ ഒറ്റിക്കൊടുക്കുന്നത് കണ്ടു’, അമരീന്ദര്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള സര്‍ക്കാറിന്റെ നിലപാട് ആദ്യംതൊട്ടുതന്നെ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടെന്ന ആരോപണമാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ പഞ്ചാബ് കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പഞ്ചാബ് യൂണിറ്റ് കണ്‍വീനര്‍ ഭഗ്വന്ത് മന്നിനുമെതിരെ അകാലിദള്‍ രംഗത്തുവന്നിരുന്നു. ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരുമായി ഭഗ്വന്തിന് കൂട്ടുകെട്ടുണ്ടെന്നാണ് ആരോപണം. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്, 2020 നടപ്പാക്കാന്‍ ഭഗ്വന്ത് കൂട്ടുനിന്നുവെന്നാണ് അകാലി ദള്‍ പറയുന്നത്.
ഞായറാഴ്ച ബാഗാപുരാനയില്‍ നടന്ന ആം ആദ്മി പാര്‍ട്ടി പരിപാടിയില്‍ ഭഗ്വന്ത് ചെയ്ത ‘പാപ’ത്തിന് കെജ്രിവാള്‍ കര്‍ഷകരോട് മാപ്പ് പറയണമായിരുന്നുവെന്ന് മുന്‍ മന്ത്രി ഡോ. ദല്‍ജിത് സിംഗ് ചീമ പറഞ്ഞു. കെജ്രിവാള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് വിറ്റു എന്നും ദല്‍ജിത് പറഞ്ഞു.
കര്‍ഷിക സമൂഹത്തിനെതിരായ ഗൂഢാലോചനയില്‍ കെജ്രിവാളും ഭഗ്വന്തും കുറ്റവാളികളാണെന്നും ഈ ആരോപണങ്ങള്‍ ആം ആദ്മി നേതൃത്വത്തിന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ദല്‍ജിത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക