പട്‌ന: നിയമസഭയില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സഭയില്‍ നിതീഷ് കുമാര്‍ സംസാരിക്കുന്നതിനിടെ തേജസ്വി യാദവ് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് തേജസ്വിയുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് നിതീഷ് കുമാര്‍ സംസാരിച്ചത്.
അടല്‍ ബീഹാരി വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിയായ കാര്യം സഭയില്‍ പരാമര്‍ശമായി വന്നപ്പോഴാണ് തേജസ്വിയോട് ഞാന്‍ അവിടെയുണ്ടായിരുന്നപ്പോള്‍ നീ കുട്ടിയായിരുന്നു, എന്റെ മടിയില്‍ ഇരുന്ന് കളിച്ചത് ഓര്‍മ്മയില്ലേ എന്ന് നിതീഷ് കുമാര്‍ ചോദിച്ചത്.
ബീഹാര്‍ ബജറ്റ് സെഷന്റെ മൂന്നാം ദിവസം ഗവര്‍ണറുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു നിതീഷ് കുമാര്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും നിതീഷ് കുമാര്‍ സഭയില്‍ സംസാരിച്ചിരുന്നു.
ഈ ഘട്ടത്തിലും തേജസ്വി പരസ്യ വിമര്‍ശനം ഉന്നയിച്ചു. ഈ സമയം പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കൂ, അത് നിനക്കും ഉപകരിക്കുമെന്നാണ് നിതീഷ് കുമാര്‍ തേജസ്വി യാദവിനോട് പറഞ്ഞത്.
പക്ഷേ വിമര്‍ശനം തുടര്‍ന്ന തേജസ്വി യാദവ് ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരിന്റെ കാലത്ത് ബീഹാറില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് 43 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. അതേസമയം ബി.ജെ.പി 74 സീറ്റ് സ്വന്തമാക്കി. തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്.