Advertisement
national news
നിങ്ങള്‍ ഒരു പ്രധാനമന്ത്രിയാണ് അധിക്ഷേപ പരാമര്‍ശം നടത്തേണ്ടയാളല്ല; പ്രധാനമന്ത്രിയുടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 10:14 am
Tuesday, 15th April 2025, 3:44 pm

ഹരിയാന: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. വഖഫ് സ്വത്തുക്കള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ മുസ്‌ലിങ്ങള്‍ക്ക് പഞ്ചറൊട്ടിച്ച് ഉപജീവനം നടത്തേണ്ടി വരില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവേചനപരവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി തന്റെ പദവിക്ക് യോജിച്ചതല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപകരമായ ട്രോളുകള്‍ പറയേണ്ട വ്യക്തിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനെറ്റ് പറഞ്ഞു.

ആര്‍.എസ്.എസ് രാജ്യതാത്പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും പറഞ്ഞു.

വഖഫ് ബില്ലുകള്‍ ദുര്‍ബലമായിരുന്നുവെന്നതാണ് വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ സംഭവിച്ചതെന്നും മോദിയുടെ ഭേദഗതികള്‍ അവ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പഞ്ചര് റിപ്പയര്‍ പരാമര്‍ശം ഒരു ട്രോള്‍ ഭാഷയാണെന്ന് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അതേസമയം ബി.ജെ.പിക്ക് വഖഫ് ബില്ല് അവതരിപ്പിക്കാന്‍ ഒരു മുസ്‌ലിം എം.പി പോലും ഇല്ലെന്ന് കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറഞ്ഞു.

ഹരിയാനയിലെ ഹിസാറില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ വെച്ചാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പരാമര്‍ശമുന്നയിച്ചത്. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അവ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ നിന്നും മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിരുന്നു.

‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടത്തേണ്ടി വരില്ലായിരുന്നു. ഈ സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിച്ചത് ഭൂമാഫിയകള്‍ക്കാണ്. ഈ മാഫിയകള്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊള്ളയടിക്കുകയായിരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: You are a Prime Minister, not someone who should make abusive remarks; Opposition leaders protest against Prime Minister’s anti-Muslim remarks