സഞ്ജു മുന്നില്‍ കൊണ്ടുവന്ന ഈ 22കാരനെ ശരിക്കും ഭയപ്പെടണം; രാജസ്ഥാന്റെ മിഷീന്‍ ഗണ്‍
Sports News
സഞ്ജു മുന്നില്‍ കൊണ്ടുവന്ന ഈ 22കാരനെ ശരിക്കും ഭയപ്പെടണം; രാജസ്ഥാന്റെ മിഷീന്‍ ഗണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th March 2024, 6:25 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് രാജസ്ഥാന്‍ റോയല്‍സും ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്.

2022ല്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ തോല്‍വി വഴങ്ങിയെങ്കിലും പുതിയ സീസണില്‍ ഗംഭീരമായ തിരിച്ചുവരവിനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. കരുത്തുറ്റ ടീം ലൈന്‍ അപ്പ് ആണ് രാജസ്ഥാന്‍ ഉള്ളത്. അതില്‍ ഏറ്റവും എടുത്തുപറയേണ്ട ഒരാള്‍ തന്നെയാണ് 22 കാരനായ യശസ്വി ജയ്‌സ്വാള്‍.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചാണ് താരം ഐ.പി.എല്ലിലേക്ക് കടക്കുന്നത്. പരമ്പരയിലെ പ്ലെയര്‍ ഓഫ് ദ സീരീസും താരമായിരുന്നു. 712 റണ്‍സാണ് പരമ്പരയില്‍ താരം നേടിയത്. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും രണ്ട് ഇരട്ട സെഞ്ച്വറികളാണ് താരം ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇതോടെ ഒട്ടനവധി റെക്കോഡുകളും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

ഇതിനുപുറമെ ഫെബ്രുവരി മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്ന് 556 റണ്‍സ് ആണ് താരം ഫെബ്രുവരിയില്‍ അടിച്ചെടുത്തത്.

2020 സീസണിലാണ് താരം ഐ.പി.എല്ലില്‍ എത്തുന്നത്. ഇതുവരെ 37 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നും 1172 റണ്‍സ് ആണ് താരം നേടിയത്. 148.73 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും 8 അര്‍ദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഇതുവരെ 144 ഫോറും 48 സിക്‌സറും താരത്തിന്റെ പേരിലുണ്ട്.

കൂടാതെ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഒരു അണ്‍ ക്യാപ്പ്ഡ് പ്ലെയര്‍ നേടുന്ന 124 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. 2023 ഐ.പി.എല്ലിലെ 1000 മാച്ച് തികയുന്ന ദിവസം മുംബൈയ്ക്ക് എതിരെയാണ് ജെയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് പുറമേ ഐ.പി.എല്ലില്‍ തന്നെ താരം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആക്ടീവ് പ്ലയേഴ്‌സില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ ഫിഫ്റ്റി സ്വന്തമാക്കുന്ന താരമാകാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. 13 പന്തില്‍ നിന്നാണ് താരം 50 റണ്‍സില്‍ എത്തിയത്.

കുറഞ്ഞ പന്തില്‍ 50 നേടുന്ന താരം, പന്ത്

യശസ്വി ജയ്‌സ്വാള്‍ – 13

കെ.എല്‍. രാഹുല്‍ – 14

പാറ്റ് കമ്മിന്‍സ് – 14

നിക്കോളാസ് പൂരന്‍ – 15

തുടര്‍ച്ചയായ നാലാം സീസണിലാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ പോയിന്റ് ടേബിള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 362 റണ്‍സ് ആണ് മലയാളി സൂപ്പര്‍ താരം നേടിയത്.

 

ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, ധ്രുവ് ജുറെല്‍,
കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്‌മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, നാന്ദ്രേ ബര്‍ഗര്‍.

 

Content Highlight: Yashvasi Jaiswal Is Ready For 2024 IPL