Sports News
പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതി രോഹിത് - ജെയ്‌സ്വാള്‍ കൂട്ടുകെട്ട്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പെയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 07:11 am
Friday, 24th January 2025, 12:41 pm

ആരാധകര്‍ക്ക് ഒട്ടും ആശ്വാസം നല്‍കുന്നതായിരുന്നില്ല രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ പ്രകടനം. രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും ശ്രേയസ് അയ്യരും അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയെ പോലുള്ളവര്‍ ഇതിനൊരപവാദമായി.

മുംബൈ – ജമ്മു കശ്മീര്‍ മത്സരത്തിലാണ് രോഹിത്തും ജെയ്‌സ്വാളും ഒരുപോലെ നിരാശപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് പുറത്തായ ഇരുവര്‍ക്കും രണ്ടാം ഇന്നിങ്‌സിലും കാര്യമായി സ്‌കോര്‍ ചെയ്യാനോ ചെറുത്തുനില്‍ക്കാനോ സാധിച്ചില്ല.

ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജെയ്‌സ്വാള്‍ എട്ട് പന്തില്‍ നാല് റണ്‍സും രോഹിത് ശര്‍മ 19 പന്തില്‍ മൂന്ന് റണ്‍സും നേടി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ യഥാക്രമം 51 പന്തില്‍ 26 റണ്‍സും 35 പന്തില്‍ 28 റണ്‍സുമാണ് ഇരുവരും സ്വന്തമാക്കിയത്.

രണ്ട് ഇന്നിങ്‌സിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും രസകരവും അപൂര്‍വവുമായ ഒരു നേട്ടം സ്വന്തമാക്കാന്‍ ജെയ്‌സ്വാളിനും രോഹിത് ശര്‍മയ്ക്കും സാധിച്ചും. ദേശീയ ടീമിനൊപ്പം ടെസ്റ്റിലും രഞ്ജിയിലും ഒരേ സമയം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന ആദ്യ കൂട്ടുകെട്ട് എന്ന നേട്ടമാണ് രോഹിത്തും ജെയ്‌സ്വാളും സ്വന്തമാക്കിയത്.

അതേസമയം, രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ മുംബൈ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ ലീഡിന് അടുത്തെത്തിയിരിക്കുകയാണ്. 22 പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ക്രീസില്‍.

രോഹിത്തിനും ജെയ്‌സ്വാളിനും പുറമെ ഹര്‍ദിക് താമോറെ (അഞ്ച് പന്തില്‍ ഒന്ന്), ശ്രേയസ് അയ്യര്‍ (16 പന്തില്‍ 17), ശിവം ദുബെ (നാല് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്ക്ക് നഷ്ടമായി.

ആദ്യ ഇന്നിങ്സില്‍ വെറും 120 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. 57 പന്ത് നേരിട്ട് 51 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് മുംബൈയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 36 പന്തില്‍ 26 റണ്‍സുമായി തനുഷ് കോട്ടിയനും ചെറുത്തുനിന്നു.

ആദ്യ ഇന്നിങ്‌സിനിറങ്ങയ ജമ്മു കശ്മീര്‍ 206 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സിന്റെ ലീഡുമായാണ് ജമ്മു കശ്മീര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭം ഖജൂരിയയുടെയും അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ആറ് റണ്‍സകലെ വീണ ആബിദ് മുഷ്താഖിന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് ജമ്മു കശ്മീര്‍ ലീഡ് സ്വന്തമാക്കിയത്. ഖജൂരിയ 75 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 44 റണ്‍സാണ് ആബിദ് മുഷ്താഖ് സ്വന്തമാക്കിയത്.

മുംബൈയ്ക്കായി മോഹിത് അവസ്തി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറും ഷാംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം നേടി. ശിവം ദുബെയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

 

Content Highlight: Yashasvi Jaiswal nd Rohit Sharma becomes the first pair to achieve a unique record