ഐ.പി എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍ സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി കൊണ്ടായിരുന്നു ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ജെയ്സ്വാള്‍ സെഞ്ച്വറി നേട്ടത്തില്‍ എത്തിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രാജസ്ഥാന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഒരേ ടീമിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചത്. 2023ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തന്നെ 62 പന്തില്‍ 124 റണ്‍സായിരുന്നു ജെയ്സ്വാള്‍ നേടിയത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സും ജോസ് ബട്‌ലര്‍ 25 പന്തില്‍ 35 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
രാജസ്ഥാനായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് ശര്‍മയാണ് ബൗളിങ്ങിനെ നയിച്ചത്. നാലു ഓവറില്‍ വെറും പതിനെട്ട് റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.