ബാഴ്‌സ ഡിഫെൻസിന് പണി തന്നത് ആ മൂന്ന് താരങ്ങൾ; വെളിപ്പെടുത്തലുമായി സാവി
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കെതിരെ കളിച്ച താരങ്ങളിൽ നേരിടാൻ ഏറ്റവും പ്രയാസപ്പെട്ട താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സ പരിശീലകനും മുൻ സ്പാനിഷ് താരവുമായ സാവി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്ഫോഡും, റയലിന്റെ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറും, ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമയും ആണ് ആ താരങ്ങളെന്നാണ് സാവി അഭിപ്രായപ്പെട്ടത്. ഈ മൂന്നു താരങ്ങളാണ് ബാഴ്സ ഡിഫൻഡർമാർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് എന്നും സാവി വ്യക്തമാക്കി.
‘റാഷ്ഫോഡിനെ തടയാൻ ഞങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടാണ്. ഒപ്പം വിനീഷ്യസും, ബെൻസിമയും ഉണ്ട്,’ സാവി മുണ്ടോ ഡിപ്പോർട്ടീവയോട് പറഞ്ഞു. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗിൽ ക്യാമ്പ്നൗവിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോഡ് ബാഴ്‌സലോണക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. ആ മത്സരത്തിൽ രണ്ട് പാദങ്ങളായി 4-3 എന്ന സ്കോറിൽ ബാഴ്സ മുന്നിലെത്തുകയും അടുത്ത സ്റ്റേജിലേക്ക് കടക്കുകയും ചെയ്തു.
കറ്റാലൻമാർക്കെതിരെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമയും ഗോളുകൾ നേടുന്നതിന് ഒരു കുറവും വരുത്തിയില്ല. കഴിഞ്ഞ സീസണിലെ കോപ്പ ഡെൽറേ ഫൈനലിൽ ഹാട്രിക് അടക്കം അഞ്ചു ഗോളുകളാണ് താരം ബാഴ്സയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും കഴിഞ്ഞ സീസണിൽ ബാഴ്‌സക്കെതിരെ ഗോൾ നേടിയിരുന്നു.
2021ലാണ് സാവി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ സീസണിലെ ലാലിഗ കിരീടവും സൂപ്പർ കോപ്പ ട്രോഫിയും സാവിയുടെ കീഴിൽ ബാഴ്സലോണ നേടിയിട്ടുണ്ട്.
നിലവിൽ ലാ ലിഗയിൽ എട്ട് മത്സരങ്ങളിൽ നിന്നും ആറ് വിജയവും രണ്ട് സമനിലയും അടക്കം 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സാവിയും കൂട്ടരും.
അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു വിജയത്തോടെ ഒന്നാം സ്ഥാനത്താണ് കറ്റാലൻമാർ.
Content Higfhlight: Xavi on share who are the most difficult players to face when playing against Barcelona.