Entertainment
ഓം ശാന്തി ഓശാന അടിപൊളിയായി, എന്നാല്‍ ആദ്യം ഓര്‍മ വരിക അന്നത്തെ കഷ്ടപാടുകള്‍: നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 12:46 pm
Tuesday, 8th April 2025, 6:16 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. നടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഓം ശാന്തി ഓശാന. 2014ല്‍ ഈ സിനിമയിലൂടെ നസ്രിയക്ക് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.

ചിത്രത്തിലെ എല്ലാ സീനിലും താന്‍ ഉണ്ടായിരുന്നെന്നും ആ സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ തനിക്ക് ഓര്‍മ വരിക എന്നും രാത്രി വരെയുള്ള ഷൂട്ടിങ്ങാണെന്നും പറയുകയാണ് നസ്രിയ.

തനിക്ക് സിനിമയില്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഡബ്ബിങ്ങെന്നും എന്നാല്‍ ഈ ചിത്രത്തില്‍ സീനിലുള്ള ഡയലോഗുകള്‍ പോരാതെ സ്റ്റോറി ടെല്ലിങ് കൂടി തനിക്ക് ഉണ്ടായിരുന്നെന്നും നടി പറയുന്നു.

ഇപ്പോഴും ഓം ശാന്തി ഓശാനയുടെ ഓര്‍മകളെ കുറിച്ച് ചോദിക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ വരിക നൈറ്റ് ഷൂട്ടും ഡബ്ബിങ്ങും കഷ്ടപാടുകളുമൊക്കെയാണെന്നും നസ്രിയ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഓം ശാന്തി ഓശാനയിലെ എല്ലാ സീനിലും ഞാന്‍ ഉണ്ടായിരുന്നു. ആ സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് ഓര്‍മ വരിക എന്നും രാത്രി വരെയുള്ള ഷൂട്ടിങ്ങാണ്.

ഉറക്കമില്ലാത്ത രാത്രികള്‍ തന്നെയായിരുന്നു ആ സമയത്ത്. സത്യത്തില്‍ എനിക്ക് സിനിമയില്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഡബ്ബിങ്. ഓശാനയില്‍ ആണെങ്കില്‍ ഫുള്‍ നരേഷന്‍ ഞാനാണ് ചെയ്യുന്നത്.

സീനിലുള്ള ഡയലോഗുകള്‍ പോരാതെ സ്റ്റോറി ടെല്ലിങ് കൂടെ ഉണ്ടായിരുന്നു. പടം പുറത്തിറങ്ങിയപ്പോള്‍ അടിപൊളിയായി. ശേഷമുള്ളതൊക്കെ അടിപൊളി ഓര്‍മകള്‍ തന്നെയായിരുന്നു.

പക്ഷെ ഇപ്പോഴും ഓശാനയുടെ ഓര്‍മകളെ കുറിച്ച് ചോദിക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ വരിക നൈറ്റ് ഷൂട്ടും ഡബ്ബിങ്ങും ഈ കഷ്ടപാടുകളുമൊക്കെയാണ്. അതിന്റെ റിസള്‍ട്ടാണ് ശരിക്കും ആ സിനിമയില്‍ കാണുന്നത്,’ നസ്രിയ പറഞ്ഞു.

ഓം ശാന്തി ഓശാന:

ജൂഡ് ആന്തണി ജോസഫ് സഹരചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓശാന. 2014ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ സിനിമ.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ നസ്രിയ, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

Content Highlight: Nazriya Talks About Her Dubbing Experience Of Ohm Shanthi Oshaana Movie