Entertainment
ബൈക്ക് ഓടിക്കാന്‍ അറിയുമോയെന്ന് വിജയ്‌യോട് ചോദിച്ചു; അദ്ദേഹം ബൈക്കില്‍ ഒരു റൗണ്ടടിച്ചു വന്നു: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 12:16 pm
Tuesday, 8th April 2025, 5:46 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ (1982) എന്ന തമിഴ് സിനിമയിലൂടെ ബാലതാരമായാണ് മീന തന്റെ കരിയര്‍ ആരംഭിച്ചത്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ (1984) എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തില്‍ എത്തുന്നത്.

2016ല്‍ മീനയുടെ മകള്‍ നൈനികയും ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു. അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ തെരി എന്ന സിനിമയിലായിരുന്നു നൈനിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ വിജയ്‌യുടെ മകളായാണ് വേഷമിട്ടത്.

ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നൈനിക തെരിയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് മീന. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തെരിയുടെ സമയത്ത് നൈനികക്ക് ഒന്നും അറിയില്ലായിരുന്നു. വിജയ് ആരാണെന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അന്ന് ആദ്യമായി തെരിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പോയതും പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ നടന്ന കാര്യങ്ങളുമൊക്കെ എനിക്ക് ഇന്നും ഓര്‍മയുണ്ട് (ചിരി).

സിനിമയില്‍ ഒരു ബൈക്ക് സീന്‍ ഉണ്ടായിരുന്നു. അവളും വിജയും ഒരുമിച്ച് ബൈക്കില്‍ പോകുന്ന സീനായിരുന്നു അത്. അതിന് മുമ്പ് അവള്‍ വിജയ്‌യെ ഇന്റര്‍വ്യു ചെയ്തിരുന്നു.

‘നിങ്ങള്‍ക്ക് ബൈക്ക് ഓടിക്കാന്‍ അറിയുമോ, ബൈക്ക് ഓടിച്ച് കാണിച്ചു തരാനാകുമോ’ എന്നൊക്കെ ചോദിച്ചു. എന്താണ് നൈനിക ഇത്, മിണ്ടാതെ ഇരിക്കൂവെന്ന് ഞാന്‍ പെട്ടെന്ന് പറഞ്ഞു.

‘ഷോട്ട് എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ബൈക്ക് ഓടിക്കാന്‍ അറിയുമോ ഇല്ലയോയെന്ന് അറിയണ്ടേ’ എന്നായിരുന്നു അവളുടെ മറുപടി. പാവം വിജയ്, ബൈക്ക് എടുത്തിട്ട് അവളുടെ മുന്നിലൂടെ ഒരു റൗണ്ടടിച്ച് വന്നു. ഇനി പോകാമോയെന്ന് ചോദിച്ചു,’ മീന പറഞ്ഞു.

Content Highlight: Meena Talks About Nainika And Vijay