Kerala News
മലപ്പുറത്ത് ആര്‍ക്കും ഒരു മാസം ഒരു തുള്ളി വെള്ളം കിട്ടുന്നില്ല; അവരാരും വാക്‌സിനും എടുക്കുന്നില്ല; വിദ്വേഷപരാമര്‍ശവുമായി കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 11:46 am
Tuesday, 8th April 2025, 5:16 pm

കോഴിക്കോട്: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മലപ്പുറത്ത് ഒരു മാസം ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ലെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം. ഇത് മനപ്പൂര്‍വം ചെയ്യുകയാണെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ അവിടുത്തെ ന്യൂനപക്ഷമായ ആളുകള്‍ക്ക് സാധിക്കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

‘എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്. നമ്മള്‍ വ്രതം എടുക്കുന്നു എന്നാല്‍ നമ്മള്‍ കുടിക്കുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ മുഴുവനായും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടുന്നില്ല. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെപ്പറ്റി ഒരു വാക്ക് സംസാരിക്കുന്നില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്ത് ഉള്ളവര്‍ വാക്‌സിനുകള്‍ എടുക്കുന്നില്ലെന്നും കെ.സുരേന്ദ്രന്‍ പറയുകയുണ്ടായി. വാകിസിനേഷന്‍ തടയുന്നതിനായി ബോധപൂര്‍വമായ ക്യാമ്പയിനുകള്‍ ഉണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ മലപ്പുറത്ത് വീട്ടില്‍വെച്ച് പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തിലും വിമര്‍ശനം ഉന്നയിച്ചു.

റാഡിക്കല്‍ എലമെന്റുകള്‍ അഥവാ അത്തരം നിഗൂഢ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരു മാസം ഒരു തുള്ളി വെള്ളം കിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പല സ്‌കൂളുകളിലും ഉച്ചക്കഞ്ഞി മുടങ്ങി. വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. പല സ്‌കൂളുകളിലും രക്ഷകര്‍തൃ സമിതി എന്ന പേരിലുള്ളവരാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ന്യൂനപക്ഷമുള്ള രക്ഷകര്‍ത്താകള്‍ക്ക് സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ പല സ്‌കൂളികളിലും ഉച്ചക്കഞ്ഞി കിട്ടുന്നില്ല. അത് ന്യായമല്ല. എന്തുകൊണ്ട് കിട്ടിയില്ലെന്ന് ചോദിക്കുമ്പോള്‍ രക്ഷകര്‍തൃ സമിതിയാണെന്നാണ് ലീഗുകാര്‍ പറയുന്നത്‌. ഇതിനെതിരെ ഒരു തീരുമാനം എടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി പാര്‍ട്ടികള്‍ രംഗത്ത് വരണമെന്നും പുരോഗമനം മാത്രം പ്രസംഗിച്ചാല്‍ പോരെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: K. Surendran’s hate speech against Malappuram district