natioanl news
2025 കോണ്‍ഗ്രസിന്റെ പുനഃസംഘടനാ വര്‍ഷം; ബി.ജെ.പിയെ നേരിടാന്‍ സംഘടന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 12:07 pm
Tuesday, 8th April 2025, 5:37 pm

അഹമ്മദാബാദ്: ഈ വര്‍ഷം കോണ്‍ഗ്രസിന്റെ പുനഃസംഘടനാ വര്‍ഷമെന്ന് അഹമ്മദാബാദിലെ കോണ്‍ഗ്രസ് വിശാലക സമിതി പ്രമേയം. ബി.ജെ.പിയെ നേരിടാന്‍ സംഘടന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഇതിനായുള്ള കരട് തയ്യാറായി കഴിഞ്ഞു. അന്തിമ തീരുമാനം നാളെത്തെ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഇതുവരെ നടപ്പിലാക്കാത്ത ചിന്തന്‍ ശിബിരിലെ തീരുമാനങ്ങളും ഇതോടൊപ്പം നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ലു.സി) അറിയിച്ചിട്ടുണ്ട്.

ഫെഡറല്‍ ഘടനയ്‌ക്കെതിരായ എല്ലാ ആക്രമണങ്ങളേയും ചെറുത്ത് തോല്‍പ്പിക്കും, സാമുഹ്യനീതിയുടെ അടിത്തറ ജാതി സെന്‍സസ് വഴി മാത്രമെ ശക്തിപ്പെടുത്താനാകൂ, ഭരണണഘടന വിരുദ്ധ  ശക്തികളെ ജയിക്കാന്‍ അനുവദിക്കില്ലെന്നും സി.ഡബ്ല്യൂ.സി പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

ഗുജറാത്തിനായും പ്രത്യേക പ്രമേയം പാസാക്കി. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തിലുള്ളത്. ഇതാദ്യമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഒരു സംസ്ഥാനത്തിനായി പ്രത്യേക പ്രമേയം പാസാക്കുന്നത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അഭിപ്രായപ്പെട്ടു.

Content Highlight: 2025 is the year of Congress’s reorganization; Resolution states that the organizational structure will be further strengthened to counter BJP