ബെര്‍ലിന്‍: റഫ അതിര്‍ത്തിക്ക് സമീപം ഇസ്രഈല്‍ വെടിവെച്ചുകൊന്ന സന്നദ്ധപ്രവര്‍ത്തകരുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജര്‍മനിയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയും. സന്നദ്ധപ്രവര്‍ത്തകരെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നത് മനപ്പൂര്‍വമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തി സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും ജര്‍മന്‍ വിദേശകാര്യ വക്താവ് ക്രിസ്റ്റ്യന്‍ വാഗ്നര്‍ ആവശ്യപ്പെട്ടത്.
മാര്‍ച്ച് 23ന് നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ക്രിസ്റ്റ്യന്‍ വാഗ്‌നര്‍ ആവശ്യപ്പെട്ടു.
ഇസ്രഈലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സംഘടനയായ ഫലസ്തീന്‍ റെഡ് ക്രസന്റും (പി.ആര്‍.സി.എസ്) ആവശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര നിയമത്തെക്കുറിച്ചും ജനീവ കണ്‍വെന്‍ഷനെക്കുറിച്ചും സംസാരിച്ചത് കൊണ്ട് മാത്രം മതിയാകില്ലെന്ന് പറഞ്ഞ പി.ആര്‍.സി.എസ് പ്രസിഡന്റ് യൂനിസ് അല്‍ ഖാത്തിബ് ഇസ്രഈലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച റാമല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണാതായ പി.ആര്‍.സി.എസ് ജീവനക്കാരുടെ വിവരങ്ങള്‍ ഇസ്രഈല്‍ വെളിപ്പെടുത്തണമെന്നും യൂനിസ് അല്‍ ഖാത്തിബ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രഈല്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളില്‍ തങ്ങള്‍ക്ക് വിശ്വസമില്ലെന്നും ഖത്തീബ് പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകരുടെ മരണത്തെ തുടര്‍ന്ന് ഇസ്രഈലി സൈന്യത്തിനുള്ള എല്ലാ സൈനിക വസ്തുക്കളുടേയും കയറ്റുമതി നിയന്ത്രിക്കുമെന്ന് ഡെന്‍മാര്‍ക്ക് അറിയിച്ചു. പുതിയ നിബന്ധന പ്രകാരം ഇസ്രഈലിലേക്ക് കയറ്റി അയക്കുന്ന എല്ലാ കയറ്റുമതികളും യൂറോപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഇനി മുതല്‍ ജനറല്‍ ലൈസന്‍സ് ഉപയോഗിച്ചുള്ള കയറ്റുമതികള്‍ ഉണ്ടാവില്ലെന്നും ഡെന്മാര്‍ക്ക് അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 23നാണ് റഫയില്‍ വെച്ച് സന്നദ്ധപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 15 ഫലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തൊട്ട് പിന്നാലെ 15 സന്നദ്ധ പ്രവര്‍ത്തകരേയും ഇസ്രഈല്‍ സൈന്യം അവര്‍ സഞ്ചരിച്ച വാഹനങ്ങളോടൊപ്പം കുഴിച്ചുമൂടി. റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
ഒടുവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്.
മാര്‍ച്ച് 23ന് പുലര്‍ച്ചയോടെ തെക്കന്‍ ഗസയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇസ്രഈല്‍ വെടിവെപ്പ് ഉണ്ടായത്.
എന്നാല്‍ സന്നദ്ധപ്രവര്‍ത്തകരെ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്രഈല്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. ഹെഡ്‌ലൈറ്റുകളോ മറ്റ് ലൈറ്റുകളോ ഇല്ലാതെ ഇരുട്ടില്‍ സംശയാസ്പദമായി വാഹനങ്ങള്‍ കണ്ടെതിനാലാണ് സൈന്യം വെടിയുതിര്‍ത്തതെന്നാണ് ഇസ്രഈല്‍ ആദ്യം അവകാശപ്പെട്ടത്.
എന്നാല്‍ പിന്നീട് കൊല്ലപ്പെട്ടയാളുടെ മൊബൈലില്‍ നിന്ന് വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍ വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ ആയിരുന്നെന്ന് കണ്ടെത്തിയതോടെ ഇസ്രഈലിന്റെ വാദം പൊളിയുകയായിരുന്നു.
Content Highlight: Germany, Palestine Red Crescent Society call for investigation into deaths of 15 volunteers shot dead by Israel