Advertisement
IPL
സഞ്ജുവിനെ മറികടന്ന് ഒന്നാമനാകാന്‍ ധോണി; ഹൈദരാബാദിനെതിരെ ആ റെക്കോഡ് നേട്ടം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 01:42 pm
Friday, 25th April 2025, 7:12 pm

 

ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിനാണ് ചെപ്പോക് സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ധോണിക്കും സംഘത്തിനും നേരിടാനുള്ളത്.

പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്സ് പത്താം സ്ഥാനത്താണ്. സണ്‍റൈസേഴ്സാകട്ടെ ഒമ്പതാം സ്ഥാനത്തും. എട്ട് മത്സരത്തില്‍ രണ്ട് വിജയവും ആറ് തോല്‍വിയുമായി നാല് പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്.

ഈ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്ക് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ മറികടക്കാനുള്ള അവരമൊരുങ്ങുന്നുണ്ട്. ഇതിനായി ധോണി നേടേണ്ടതാകട്ടെ വെറും രണ്ട് സിക്‌സറുകളും.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലേക്കാണ് ധോണി കണ്ണുവെക്കുന്നത്. ബാറ്റെടുത്ത 350 ഇന്നിങ്‌സില്‍ നിന്നും 346 സിക്‌സറുകളാണ് ധോണിയുടെ സമ്പാദ്യം. അതേസമയം, സഞ്ജു സാംസണാകട്ടെ 209 ഇന്നിങ്‌സില്‍ നിന്നും 347 സിക്‌സറുകളും നിലവില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

സണ്‍റൈസേഴ്‌സിനെതിരെ ഒരു സിക്‌സറടിച്ചാല്‍ സഞ്ജുവിനൊപ്പമെത്താനും, മറ്റൊന്ന് കൂടി നേടാന്‍ സാധിച്ചാല്‍ സഞ്ജുവിനെ മറികടക്കാനും ധോണിക്ക് സാധിക്കും.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 289 – 347

എം.എസ്. ധോണി – 350 – 346

കെ.എല്‍. രാഹുല്‍ – 220 – 327

ഇതിനൊപ്പം തന്നെ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും സഞ്ജുവിനെ മറികടക്കാന്‍ ധോണിക്ക് സാധിക്കും. നിലവില്‍ ഈ നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ് ധോണി.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 443 – 540

വിരാട് കോഹ്‌ലി – 391 – 429

സൂര്യകുമാര്‍ യാദവ് – 294 – 361

സഞ്ജു സാംസണ്‍ – 289 – 347

എം.എസ്. ധോണി – 350 – 346

കെ.എല്‍. രാഹുല്‍ – 220 – 327

സുരേഷ് റെയ്‌ന – – 319 – 325

ഇക്കൂട്ടത്തില്‍ സുരേഷ് റെയ്‌നയൊഴികെയുള്ള എല്ലാവരും കളിക്കളത്തില്‍ തുടരുന്നതിനാല്‍ റെക്കോഡുകള്‍ മാറിമറയാനുള്ള സാധ്യതകളും ഏറെയാണ്.

സണ്‍റൈസേഴ്‌സിനെതിരെ കളത്തിലിറങ്ങിയാല്‍ ധോണിയെ മറ്റൊരു ചരിത്ര റെക്കോഡും കാത്തിരിക്കുന്നുണ്ട്. 400 ടി-20 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ചെന്നൈ നായകന്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.

ടി-20യില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 456

ദിനേഷ് കാര്‍ത്തിക് – 412

വിരാട് കോഹ്‌ലി – 407

എം.എസ്. ധോണി – 399

രവീന്ദ്ര ജഡേജ – 340

സുരേഷ് റെയ്ന – 336

ചെന്നൈ – ഹൈദരാബാദ് മത്സരത്തില്‍ വിജയിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കുതിക്കും. ടൂര്‍ണമെന്റില്‍ പ്രസക്തമായി തുടരണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആറ് മത്സരം വീതം ശേഷിക്കുന്നതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്.

ടേബിള്‍ ടോപ്പേഴ്സായി തുടരുന്ന ടീമുകള്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെന്നൈ സൂപ്പര്‍ കിങ്സോ സണ്‍റൈസേഴ്സോ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ ഇവര്‍ക്ക് സൂപ്പര്‍ ഫോറിലെത്താനുള്ള നേരിയ സാധ്യതകളുമുണ്ട്.

 

Content Highlight: IPL 2025: CSK vs SRH: MS Dhoni need 2 sixes to surpass Sanju Samson in the list of most T20 sixes by an Indian wicket keeper