IPL
ചെപ്പോക്കില്‍ 'ചെന്നൈയുടെ സൂര്യനുദിച്ചു' 400ല്‍ തിളങ്ങി സാക്ഷാല്‍ ധോണി; ചരിത്ര നേട്ടത്തില്‍ രണ്ടാമനും നാലാമനും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 02:01 pm
Friday, 25th April 2025, 7:31 pm

ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ടോസ് ഭാഗ്യം സണ്‍റൈസേഴ്‌സിന്. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ ധോണിപ്പടയെ ബാറ്റിങ്ങിനയച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയമാണ് വേദി.

കരിയറിലെ 400ാം ടി-20 മത്സരത്തിനാണ് ചെന്നൈ നായകന്‍ കളത്തിലിറങ്ങുന്നത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് ഇന്ത്യന്‍ താരവും രണ്ടാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമാണ് സൂപ്പര്‍ കിങ്‌സ് നായകന്‍.

ടി-20യില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 456

ദിനേഷ് കാര്‍ത്തിക് – 412

വിരാട് കോഹ്‌ലി – 407

എം.എസ്. ധോണി – 400*

രവീന്ദ്ര ജഡേജ – 341*

സുരേഷ് റെയ്ന – 336

ചെപ്പോക്കില്‍ ഒരിക്കല്‍പ്പോലും സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് കൈമുതലാക്കിയാണ് ഹോം ടൗണ്‍ ഹീറോസ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്നത്. ചെപ്പോക്കില്‍ അഞ്ച് തവണയാണ് സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സുമേറ്റുമുട്ടിയത്. ഈ അഞ്ച് മത്സരത്തിലും അവസാന ചിരി സൂപ്പര്‍ കിങ്‌സിന്റേതായിരുന്നു.

ചെപ്പോക്കില്‍ ഓരോ ടീമിനെതിരെയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയശതമാനം

(ടീം – മത്സരം – വിജയശതമാനം എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്സ് ഹൈദരാബാദ് – 5 – 100%

ഗുജറാത്ത് ടൈറ്റന്‍സ് – 2 – 100%

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 10 – 80%

രാജസ്ഥാന്‍ റോയല്‍സ് – 9 78%

ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) – 10 – 70%

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 12 67%

പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ്) – 8 – 50%

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 2 50%

മുംബൈ ഇന്ത്യന്‍സ് – 9 – 44%

നിലവില്‍ പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്സ് പത്താം സ്ഥാനത്താണ്. സണ്‍റൈസേഴ്സാകട്ടെ ഒമ്പതാം സ്ഥാനത്തും. എട്ട് മത്സരത്തില്‍ രണ്ട് വിജയവും ആറ് തോല്‍വിയുമായി നാല് പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്.

മത്സരത്തില്‍ വിജയിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കുതിക്കും. ടൂര്‍ണമെന്റില്‍ പ്രസക്തമായി തുടരണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആറ് മത്സരം വീതം ശേഷിക്കുന്നതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്.

അതേസമയം ഓപ്പണിങ് കോമ്പിനേഷന്‍ തന്നെ മാറ്റി സുപ്രധാന മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

 

Content Highlight: IPL 2025: SRH vs CSK: MS Dhoni becomes 4th Indian player to play 400 T20 matches