'എല്ലാ വഴികളും അടഞ്ഞു, ഇനി നീ മാത്രമാണ് രക്ഷ'; കളിക്കാരെ നിരാശയില്‍ നിന്നും കരകയറ്റാന്‍ മുന്‍ താരത്തെ ഇറക്കി സാവി
Sports
'എല്ലാ വഴികളും അടഞ്ഞു, ഇനി നീ മാത്രമാണ് രക്ഷ'; കളിക്കാരെ നിരാശയില്‍ നിന്നും കരകയറ്റാന്‍ മുന്‍ താരത്തെ ഇറക്കി സാവി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th October 2022, 7:40 pm

തുടര്‍ച്ചയായ മോശം പെര്‍ഫോമന്‍സുകളും പരാജയങ്ങളും കൊണ്ട് ആകെ തകര്‍ന്നിരിക്കുകയാണ് ബാഴ്‌സലോണ. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും റഫീനിയയും ജൂള്‍ കൊന്തേയുമടക്കമുള്ള വമ്പന്മാരെ വരെ ടീമിലേക്ക് കൊണ്ടുവന്നെങ്കിലും സാവിയുടെ പിള്ളേര്‍ക്ക് ഗ്രൗണ്ടില്‍ അടിപതറുകയാണ്.

ചാമ്പ്യന്‍സ് ലീഗിലെ എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിനോട് 3-1 ന് തോറ്റുതുന്നം പാടിയതോടെ കടുത്ത നിരാശയിലാണ് ബാഴ്‌സ ക്യാമ്പ്. ഈയൊരു പരാജയം മാത്രമല്ല, നേരത്തെ റോമയോടും ലിവര്‍പൂളിനോടും ഏറ്റുവാങ്ങിയ വമ്പന്‍ തോല്‍വികളും കളിക്കാരെ പാടേ തളര്‍ത്തിയിട്ടുണ്ട്.

ഇങ്ങനെ മനസ് മടുത്തിരിക്കുന്നവരെ എങ്ങനെയെങ്കിലും ഒന്ന് ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സാവിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ബാഴ്‌സ താരം യുവാന്‍ കാര്‍ലോസ് ഉണ്‍സുവേയെ സാവി ക്ഷണിച്ചത് ഇതിനുവേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സയുടെ ഗോള്‍കീപ്പറായി മിന്നും പ്രകടനം നടത്തിയ ഉണ്‍സുവേ പേശികള്‍ക്ക് ബലക്ഷയം വരുത്തുന്ന ആമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് എന്ന അസുഖബാധിതനാണ്. രോഗബാധിതനായ ശേഷവും ഉണ്‍സുവേ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

ലാ ലീഗയില്‍ വില്ലാറീലുമായുള്ള മത്സരത്തിന്റെ പരീശിലനം നടക്കുന്നതിനിടിയിലാണ് ഉണ്‍സുവേ കളിക്കാരെ സന്ദര്‍ശിച്ചത്.

ഏറ്റവും ധീരത പ്രകടിപ്പിക്കേണ്ട സമയമാണിതെന്നായിരുന്നു ഉണ്‍സുവേ കളിക്കാരോട് പറഞ്ഞത്. ബാഴ്‌സലോണയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്‍സുവേയുടെ സന്ദര്‍ശനത്തെ കുറിച്ച് നല്‍കിയ വാര്‍ത്തയിലാണ് അദ്ദേഹം കളിക്കാരോട് സംസാരിച്ചതിനെ കുറിച്ചും വിശദമാക്കിയിട്ടുള്ളത്.

‘ഇത് ധീരത പ്രകടിപ്പിക്കേണ്ട സമയമാണ്. ഇപ്പോള്‍ നിങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെല്ലാം നിങ്ങളുടെ വളര്‍ച്ചയെ സഹായിക്കും. നിങ്ങളൊരു നല്ല സ്‌ക്വാഡാണ്. ധൈര്യപൂര്‍വം കളിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്,’ ഉണ്‍സുവേ പറഞ്ഞു.

ഉണ്‍സുവേയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അടുത്ത മാച്ചില്‍ ബാഴ്‌സ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Xavi invites former Barcelona player to motivate players