ഇവനൊക്കെ ഒരു ലോകചാമ്പ്യനാണോ!!! കാള്‍സണെ കളിയാക്കുന്നവര്‍ അറിയണം
Sports News
ഇവനൊക്കെ ഒരു ലോകചാമ്പ്യനാണോ!!! കാള്‍സണെ കളിയാക്കുന്നവര്‍ അറിയണം
ആദര്‍ശ് എം.കെ.
Friday, 26th August 2022, 4:57 pm

കഴിഞ്ഞ ദിവസം എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രഗ്‌നാനന്ദയോട് പരാജയപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് മാഗ്‌നസ് കാള്‍സണെ കളിയാക്കിക്കൊണ്ടി രംഗത്തുവന്നത്.

ഇവനൊക്കെ ഒരു ലോകചാമ്പ്യനാണോ എന്നായിരുന്നു പലരുടെയും പരിഹാസം.

കാള്‍സണ്‍ ആരാണ് എന്താണ് എന്നൊന്നുമറിയാത അല്ലെങ്കില്‍ അതൊന്നും കണ്ടതായി പോലും ഭാവിക്കാതെ ഈയൊരു തോല്‍വിയുടെ പേരില്‍ കാള്‍സണെ കളിയാക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. യഥാര്‍ത്ഥത്തില്‍ കാള്‍സണ്‍ ഇങ്ങനെ ട്രോള്‍ ചെയ്യപ്പെടേണ്ടവനാണോ?

2013ലാണ് കാള്‍സണ്‍ ആദ്യമായി ലോകചാമ്പ്യനാവുന്നത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ അന്നത്തെ ലോകചാമ്പ്യനും ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററുമായ വിശ്വനാഥന്‍ ആനന്ദായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. അനായാസമായിരുന്നു കാള്‍സന്റെ വിജയം.

2014ല്‍ വീണ്ടും ആനന്ദിനെ തോല്‍പിച്ചുതകൊണ്ട് കിരീടം നിലനിര്‍ത്തിയ താരം, പിന്നാടങ്ങോട്ടും ആ ജൈത്രയാത്ര തുടര്‍ന്നു.

2014ല്‍ ലോക റാപ്പിഡ് ചാമ്പ്യന്‍ഷിപ്പും ലോക് ബ്ലീറ്റ്സ് ചാമ്പ്യന്‍ഷിപ്പും നേടിയ കാള്‍സണ്‍ ഈ മൂന്ന് കിരീടങ്ങളും ഒന്നിച്ച് സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോഡും കരസ്ഥമാക്കിയിരുന്നു. 2019ല്‍ ഇതേ നേട്ടം കാള്‍സണ്‍ വീണ്ടുമാവര്‍ത്തിച്ചപ്പോള്‍ ലോകമൊന്നാകെ ഈ നോര്‍വേക്കാരന് വേണ്ടി കയ്യടിച്ചു.

19ാം വയസില്‍ ഫിഡേയുടെ ഒന്നാം റാങ്കിലെത്തിയ കാള്‍സണ്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിട്ടായിരുന്നു കാള്‍സണ്‍ ലോകത്തെയൊന്നാകെ ഞെട്ടിച്ചത്.

ലോകചാമ്പ്യന്‍മാരെ തോല്‍പിക്കുന്നതും ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിക്കുന്നതും സാധ്യമാണെന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ ലോകത്തിന് കാണിച്ചുകൊടുത്ത താരമാണ് കാള്‍സണ്‍.

തന്റെ 13ാം വയസിലായിരുന്നു ആന്റോലി കാര്‍പോവ് എന്ന ലെജഡന്‍ഡിനെ കാള്‍സണ്‍ അടിയറവ് പറിയിച്ചത്. ഈ പയ്യന്‍ ചില്ലറക്കാരനല്ല എന്നായിരുന്നു കാര്‍പോവ് അന്ന് പറഞ്ഞത്.

ഇതിന് പുറമെ നന്നേ ചെറുപ്പത്തില്‍ ഗാരി കാസ്പറോവിനെയും കാള്‍സണ്‍ മുട്ടിടിപ്പിച്ചിരുന്നു. അന്ന് ഏറ്റമുട്ടുമ്പോള്‍ ലോക ചെസ് റാങ്കിങ്ങില്‍ 700ാം സ്ഥാനത്തായിരുന്നു കാള്‍സണ്‍, കാസ്പറോവ് ആവട്ടെ ലോക ഒന്നാം നമ്പര്‍ താരവും.

എന്നാല്‍ കളി തുടങ്ങി കുറച്ചങ്ങ് കഴിഞ്ഞപ്പോല്‍ തന്നെക്കാള്‍ 28 വയസ് കുറഞ്ഞ ആ കൊച്ചുപയ്യന്റെ മുന്നില്‍ കാസ്പറോവ് ഇരുന്ന് വിയര്‍ക്കുന്നതായിരുന്നു ലോകം കണ്ടത്.

കാള്‍സന്റെ ഓരോ മൂവ് കഴിയുമ്പോഴും തന്റെ കണക്കൂകൂട്ടലുകള്‍ പിഴക്കുന്ന കാസ്പറോവായിരുന്നു പ്രധാന കാഴ്ച.

എന്നാല്‍ കാള്‍സണാകട്ടെ കാസ്പറോവ് അടുത്ത മൂവ് നടത്താനെടുക്കുന്ന സമയത്ത് തൊട്ടടുത്തുള്ള ടേബിളില്‍ നടക്കുന്ന മത്സരം കാണാന്‍ ചെന്നെത്തി നോക്കിക്കൊണ്ടിരുന്നു. കാസ്പറോവിന്റെ മൂവ് കഴിഞ്ഞ് സെക്കന്റുകള്‍ക്കകം തന്നെ തന്റെ മൂവ് നടത്തുകയും വീണ്ടും തൊട്ടടുത്ത ടേബിളിലെ കളിയില്‍ ശ്രദ്ധിച്ചിരിക്കുകയും ചെയ്തു.

ഒടുവില്‍ 55 മൂവുകള്‍ക്ക് ശേഷം കാസ്പറോവ് സമനിലയില്‍ കളിയവസാനിപ്പിച്ച് മടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 700ാം റാങ്കുകാരന് മുമ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് ലോക ഒന്നാം നമ്പര്‍ താരവും ചെസ് ലെജന്‍ഡുമാണ്.

തുടര്‍ന്നങ്ങോട്ട് കാള്‍സണ്‍ നേടിയ വിജയങ്ങളുടെ പട്ടിക പറഞ്ഞാല്‍ തീരില്ല. വിജയങ്ങള്‍ക്ക് പിന്നാലെ വിജയങ്ങളുമായി കാള്‍സണ്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ 2022 മെയില്‍ ഇനിയൊരു മത്സരത്തിന് തനിക്ക് താത്പര്യമില്ല എന്നുപോലും കാള്‍സണ്‍ പറഞ്ഞു. എനിക്ക് കൂടുതലായി ഒന്നും തന്നെ നേടാനില്ലെന്ന് കാള്‍സണ്‍ പറഞ്ഞത് അഹങ്കാരം കൊണ്ടെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല, ഇനിയൊന്നും തന്നെ നേടാനില്ലാത്ത ഒരു ജേതാവിന്റെ നാച്ചുറല്‍ സ്‌റ്റേറ്റ്‌മെന്റ് മാത്രമായിരുന്നു അത്.

എന്നാല്‍ 18 വയസുകാരനായ അലിറെസ ഫിറൂഷയാണ് തന്റെ എതിരാളിയെങ്കില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാള്‍സണെ പോലെ ചെസ്സിലെ വണ്ടര്‍ കിഡായിരുന്നു ഫിറൂഷ. 18ാം വയസ്സില്‍ ചെസ്സിലെ മാജിക് ബാരിയര്‍ എന്ന് വിശ്വസിക്കുന്ന 2800 റേറ്റിങ് പോയിന്റ് കടന്ന, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഫിറൂഷ.

തന്നെക്കാള്‍ ചെറുപ്പത്തില്‍ ഈ നേട്ടം കൈവരിച്ച ഒരാളെ തന്നെ തനിക്ക് നേരിടണമെന്ന് കാള്‍സണ്‍ പറഞ്ഞതിനെ ആരും കണ്ടില്ല. പകരം I’m not motivated to play another match എന്ന വാക്കുകള്‍ മാത്രമായിരുന്നു എല്ലാവരും കണ്ടത്.

പ്രഗ്‌നനാന്ദ, നിഹാല്‍ സരിന്‍ പോലുള്ള താരങ്ങളോട് തോറ്റു എന്നതുകൊണ്ടുമാത്രം അപമാനിക്കപ്പെടേണ്ട ഒരാളല്ല കാള്‍സണ്‍ എന്ന പ്രതിഭ.

 

 

Content highlight:  Writeup about Grandmaster Magnus Carlsen

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.