തിരുവനന്തപുരം: അധികാര ഗര്‍വ്വിനെ ഫലിതമായി കാണാനാവില്ല, അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഭയിലെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.
കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും തന്റെ ശരീരത്തെ ആയുധമാക്കുന്ന ഒരാളിന് ആറടിപ്പൊക്കമോ പ്രഖ്യാപിത മുഖലക്ഷണങ്ങളോ ആവശ്യമില്ല എന്ന് തെളിയിച്ച മനുഷ്യനാണ് ഇന്ദ്രന്‍സെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാനങ്ങനെത്തന്നെയാണ്, അമിതാഭ് ബച്ചന്റെ കുപ്പായം എനിക്ക് ചേരില്ല’ എന്ന് ഇന്ദ്രന്‍സ് പറഞ്ഞത് നിരക്ഷരതയോ അജ്ഞതയോ കൊണ്ടല്ല. മികച്ച വിദൂഷകന് വിപ്ലവകാരിയുമാകാമെന്ന് തിരിച്ചറിവുള്ള കാലത്ത് ജീവിക്കുന്ന ഒരാള്‍ക്ക് ദുഷ്പ്രഭുത്വത്തിന്റെ ഫ്യൂഡല്‍കാല ജീവികളുടെ ക്രൂരഫലിതങ്ങളോട് നിസംഗവും നിര്‍മമവുമായി പ്രതികരിക്കാനാകുമെന്ന് തെളിയിക്കുകയാണദ്ദേഹം ചെയ്തതെന്നും ശാരദക്കുട്ടി പറഞ്ഞു.
ജീവിതത്തിലുടനീളം ഹാസ്യവേഷങ്ങള്‍ ചെയ്ത ഇന്ദ്രന്‍സിനറിയാം മികച്ച ഫലിതമേത്, പുളിച്ച ഫലിതമേതെന്ന്. അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി ബുദ്ധിപരമായി കൂവിയിട്ടുള്ള നമ്മുടെ മഹാവിദൂഷക പരമ്പരയിലെ വര്‍ത്തമാനകാല കണ്ണിയാണ് ഇന്ദ്രന്‍സെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രി വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. മന്ത്രിയുടെ ‘ബോഡി ഷെയിമിങ്’ പരാമര്‍ശം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതോടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ വി.എന്‍. വാസവന്‍ ഔദ്യോഗികമായി സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു,’ എന്നാണ് വാസവന്‍ പറഞ്ഞത്.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ബോഡി ഷെയിമിങ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.