Advertisement
Movie Day
അതിന് ശേഷം ഇന്ന് വരെ ശ്യാമപ്രസാദ് ഒന്ന് ഫോണ്‍ ചെയ്യുക പോലും ചെയ്തിട്ടില്ല, അത്ര മാന്യനാണ് അദ്ദേഹം, അതിന് കൂപ്പുകൈ: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 17, 08:53 am
Saturday, 17th September 2022, 2:23 pm

 

മലയാള സിനിമയിലെ സംവിധായകരും സംഗീതജ്ഞരുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും എന്തിനാണെന്ന് പോലും അറിയാതെ തന്നെ ഒന്ന് വിളിക്കാന്‍ പോലും കൂട്ടാക്കാതെ മാറിനില്‍ക്കുന്നവരെ കുറിച്ചും തുറന്നുപറഞ്ഞ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍.

സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവരുമൊക്കെയായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്. അതിനൊപ്പം തന്നെ സംവിധായകന്‍ ശ്യാമപ്രസാദിന് തന്നോടുള്ള അകല്‍ച്ചയെ കുറിച്ചും കൈതപ്രം സംസാരിക്കുന്നുണ്ട്.

ശ്യാമപ്രസാദിന്റെ സംവിധാനത്തിലിറങ്ങിയ അഗ്നിസാക്ഷി സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവേയായിരുന്നു കൈതപ്രത്തിന്റെ പരാമര്‍ശം. അഗ്നിസാക്ഷി നോവല്‍ അന്ന് മാതൃഭൂമിയില്‍ വന്നിരുന്നു. 60 കളില്‍. അന്നേ ഞാന്‍ വായിക്കുന്നുണ്ട്. ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ ഒന്ന് അഗ്നിസാക്ഷിയാണെന്ന് തന്നെയാണ്.

അഗ്നിസാക്ഷി സിനിമയാക്കിയപ്പോള്‍ ഞാന്‍ ഭയങ്കരമായിട്ട് ആഗ്രഹിച്ചിരുന്നു അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. സന്ദര്‍ഭവശാല്‍ എനിക്കതിന് ട്യൂണ്‍ ചെയ്യാനും എഴുതാനും സാധിച്ചു. ശ്യാമപ്രസാദിനും പാട്ടുകളൊക്കെ ഇഷ്ടമായിരുന്നു. പിന്നെ ശ്യാം എന്നെ ഫോണില്‍ പോലും വിളിച്ചിട്ടില്ല. എന്താണ് അനിഷ്ടം എന്നറിയില്ല. ഞാന്‍ അയാളോട് ഒന്നും ചെയ്തിട്ടില്ല.

ഞാന്‍ ഹോട്ടലില്‍ പോലും താമസിച്ചില്ല. എന്റെ വീട്ടില്‍ ഇരുന്നാണ് പാട്ടെഴുതിയത്. അയാളും അതെ. അങ്ങനെ പാട്ട് ചെയ്ത് റെക്കോര്‍ഡ് ചെയ്ത് അയച്ചുകൊടുത്തു. അതിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി. അതിന് ശേഷം ഇന്നുവരെ അദ്ദേഹം എന്നെ ഫോണ്‍ ചെയ്തിട്ടില്ല. അത്ര മാന്യനാണ് അദ്ദേഹം. ആ മാന്യതയ്ക്ക് കൂപ്പുകൈ, കൈതപ്രം പറഞ്ഞു.

എസ്.പി. വെങ്കിടേഷിനെ കുറിച്ചും അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചു. എല്ലാ ടൈപ്പ് പാട്ടുകളും ചെയ്യാന്‍ കഴിയുന്ന സംഗീത സംവിധായകനാണ് അദ്ദേഹം. ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം എന്ന പാട്ടും വാത്സല്യത്തിലെ താമരക്കണനുറങ്ങേണം പോലുള്ള പാട്ടുകളും അദ്ദേഹത്തില്‍ നിന്ന് വരും. അലയും കാറ്റിന്‍ ഹൃദയം പോലുള്ള ഗാനങ്ങളും പൈതൃകത്തിലെ ഗാനങ്ങളും എല്ലാം മികച്ചതാണ്.

അതുപോലെ ഔസേപ്പച്ചനുമായി ചെയ്ത ഗാനങ്ങള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും തന്നെ ഇപ്പോഴും വിളിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒരു തരത്തിലുമുള്ള അസൂയയും കുനുഷ്ടും ഇല്ലാത്ത ആളാണ് ഔസേപ്പച്ചനെന്നും കൈതപ്രം പറഞ്ഞു.

ഇവരൊക്കെ അതെ. ജോണ്‍സണൊക്കെ ചിലപ്പോള്‍ ദേഷ്യപ്പെടും. പക്ഷേ ഞാനുമായിട്ടൊന്നും ഒരിക്കലും കലഹമുണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ഒറ്റ ഉദ്ദേശമേയുള്ളൂ. പാട്ട് നന്നാവുക. പാട്ടുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും ഞാന്‍ പറയുന്നത് ജോണ്‍സണും കേള്‍ക്കും. ഈ വരി ഇഷ്ടമായില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞാല്‍ ഞാന്‍ അത് മാറ്റും, കൈതപ്രം പറഞ്ഞു.

Content Highlight: Writer kaithapram Damodaran namboothiri against director Shyamaprasad