ചുരുക്കം സിനിമകള്‍ കൊണ്ട് തമിഴില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് ജാഫര്‍ സാദിഖ്. പാവ കഥൈകള്‍ എന്ന വെബ് സീരീസിലുടെയാണ് ജാഫര്‍ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് വിക്രം, വെന്ത് തനിന്തത് കാട്, ജയിലര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലൂടെ ബോളിവുഡിലും ജാഫര്‍ തന്റെ സാന്നിധ്യമറിയിച്ചു.
ജയിലറിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജാഫര്‍ സാദിഖ്. ചിത്രത്തില്‍ രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നെന്ന് ജാഫര്‍ പറഞ്ഞു. അതില്‍ മോഹന്‍ലാലിനൊപ്പം ഒരൊറ്റ സീന്‍ മാത്രമായിരുന്നു ലഭിച്ചതെന്നും വെറും ഒരു ദിവസം കൊണ്ട് ആ സീന്‍ തീര്‍ത്തെന്നും ജാഫര്‍ സാദിഖ് കൂട്ടിച്ചേര്‍ത്തു.
ഷോട്ട് ബ്രേക്ക് സമയത്ത് താന്‍ റെസ്‌റ്റെടുക്കാന്‍ പോയെന്നും ആ സമയത്ത് മോഹന്‍ലാല്‍ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറോട് തന്നെപ്പറ്റി ചോദിച്ചിരുന്നെന്നും ജാഫര്‍ സാദിഖ് പറഞ്ഞു. വിക്രമില്‍ അഭിനയിച്ചയാളല്ലേ ആ നടനെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചതെന്നും താന്‍ അത് മാറിനിന്ന് കേള്‍ക്കുന്നുണ്ടായിരുന്നെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഷോട്ടെടുക്കാന്‍ നേരത്ത് മോഹന്‍ലാല്‍ തന്റെയടുത്തേക്ക് വന്നെന്നും തനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി ഒരുപാട് നേരം സംസാരിച്ചെന്നും ജാഫര്‍ സാദിഖ് പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ വലിയ നടന്മാരോടൊപ്പം ഒരൊറ്റ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും ജാഫര്‍ സാദിഖ് പറയുന്നു. ലിറ്റില്‍ ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു ജാഫര്‍ സാദിഖ്.
‘ജയിലറില്‍ ശിവ രാജ്കുമാര്‍ സാര്‍, രജിനി സാര്‍, ലാല്‍ സാര്‍. മൂന്ന് പേരുടെ കൂടെയും അഭിനയിക്കാന്‍ പറ്റി. അതില്‍ ലാല്‍ സാറിന്റെ കൂടെ ഒരൊറ്റ സീന്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതാണെങ്കില്‍ ഒരൊറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ത്തു. നല്ല രസമായിരുന്നു ആ സീനൊക്കെ എടുക്കുന്ന സമയത്ത്. ഇടക്ക് ആ സീനിന് ബ്രേക്ക് വിളിച്ചു.
ഞാന്‍ റെസ്റ്റെടുക്കാന്‍ വേണ്ടി പോയപ്പോള്‍ ലാല്‍ സാര്‍ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറോട് എന്നെപ്പറ്റി ചോദിക്കുന്നത് കേട്ടു. ‘ഇയാളല്ലേ വിക്രമിലൊക്കെ അഭിനയിച്ചത്’ എന്നായിരുന്നു ചോദിച്ചത്. ഞാനത് അപ്പുറത്ത് നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. വലിയൊരു നടന്‍ എന്നെപ്പറ്റി അന്വേഷിക്കുന്നത് സന്തോഷം തന്ന കാര്യമായിരുന്നു. തിരിച്ച് ഷോട്ടെടുക്കാന്‍ സമയമായപ്പോള്‍ ലാല്‍ സാര്‍ എന്റെയടുത്ത് വന്ന് ഷേക്ക് ഹാന്‍ഡ് തന്നു. എന്നിട്ട് ഒരുപാട് നേരം സംസാരിച്ചു,’ ജാഫര്‍ സാദിഖ് പറഞ്ഞു.
Content Highlight: Jaffer Sadique shares the shooting experience with Mohanlal in Jailer