മലയാളത്തിലെ ലക്ഷണമൊത്ത ക്യാരക്ടര്‍ സ്റ്റഡി സിനിമ ആ ശ്രീനിവാസന്‍ ചിത്രം, സൂക്ഷ്മദര്‍ശിനി ഉണ്ടാകുന്നത് അതില്‍ നിന്ന്: തിരക്കഥാകൃത്ത് അതുല്‍
Entertainment
മലയാളത്തിലെ ലക്ഷണമൊത്ത ക്യാരക്ടര്‍ സ്റ്റഡി സിനിമ ആ ശ്രീനിവാസന്‍ ചിത്രം, സൂക്ഷ്മദര്‍ശിനി ഉണ്ടാകുന്നത് അതില്‍ നിന്ന്: തിരക്കഥാകൃത്ത് അതുല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th December 2024, 2:54 pm

 

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സൂക്ഷ്മദര്‍ശിനി. ബേസില്‍ ജോസഫ്, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നോണ്‍സെന്‍സിന് ശേഷം ജിതിന്‍ സംവിധാനം ചെയ്ത ചിത്രം പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്. അതുലും ലിഥിനും ചേര്‍ന്നാണ് സൂക്ഷമദര്‍ശിനിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സൂക്ഷമദര്‍ശിനിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തായ അതുല്‍. സംവിധായകന്‍ എം.സി. ജിതിന്‍ വീട്ടമ്മയുടെ കുറ്റാന്വേഷണം അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുമായി തങ്ങളുടെ അടുത്തേക്ക് വരുന്നതെന്നും ചിത്രം ഒരു വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡി ആണെന്നും അതുല്‍ പറയുന്നു.

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ലക്ഷണമൊത്ത ക്യാരക്ടര്‍ സ്റ്റഡി ചിത്രമാണ് വടക്കുനോക്കിയന്ത്രമെന്നും അതില്‍ നിന്നാണ് സൂക്ഷമദര്‍ശിനിയെന്ന സിനിമ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കുനോക്കിയന്ത്രത്തിലെ കോമ്പസ് ഈ ചിത്രത്തിലേക്കെത്തുമ്പോള്‍ മൈക്രോസ്‌കോപ്പായെന്നും അത് പിന്നീട് സൂക്ഷ്മദര്‍ശിനിയായി മാറിയെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അതുല്‍.

‘എം.സി ആദ്യം ഈ പ്രൊജക്ടുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. പ്രൊജക്ട് എന്ന് പറഞ്ഞാല്‍ ഒരു വീട്ടമ്മയുടെ കുറ്റാന്വേക്ഷണ സിനിമ. ഒരു നെയ്ബര്‍ ഹുഡ് അടിസ്ഥാനമാക്കിയാണ് ഇത് വേണ്ടതെന്ന് അവന്‍ പറഞ്ഞിരുന്നു. ഒരു വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിയാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമ.

അപ്പോള്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ലക്ഷണമൊത്ത ക്യാരറ്റര്‍ സ്റ്റഡി ചിത്രം എന്ന് പറയുന്നത് വടക്കുനോക്കിയന്ത്രമാണ്. വടക്കുനോക്കിയന്ത്രത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുണ്ടാകുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ കോമ്പസ് ഇതിലേക്ക് വരുമ്പോള്‍ മൈക്രോസ്‌കോപ്പ് ആയി. മൈക്രോസ്‌കോപ്പ് പിന്നീട് സൂക്ഷ്മദര്‍ശിനിയായി. അതില്‍ നിന്നാണ് പ്രിയദര്‍ശിനി എന്ന പേരിലേക്ക് എത്തുന്നത്,’ അതുല്‍ പറയുന്നു.

വടക്കുനോക്കിയന്ത്രം

ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് കോമഡി ചിത്രമാണ് വടക്കുനോക്കിയന്ത്രം. ഭര്‍ത്താവിന്റെ ഒഥല്ലോ സിന്‍ഡ്രോം മൂലമുണ്ടാകുന്ന വൈവാഹിക തര്‍ക്കത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തളത്തില്‍ ദിനേശനായി ശ്രീനിവാസന്‍ എത്തിയ ചിത്രത്തില്‍ ദിനേശന്റെ പങ്കാളി ശോഭയായി എത്തിയത് പാര്‍വതിയായിരുന്നു.

Content Highlight: Writer Athul Says Sreenivasan’s Vadakkunokkiyantram Movie Was The Inspiration For  Sookshmadarshini Movie