national news
ഞങ്ങളെ അവർ തീവ്രവാദികളെന്ന് വിളിക്കുന്നു: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലുടനീളം കശ്മീരി വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 02:16 am
Friday, 25th April 2025, 7:46 am

ന്യൂദൽഹി: ജമ്മു കശ്മീരിലെ പഹല്ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലുടനീളം തീവ്ര ഹിന്ദുത്വവാദികൾ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ വിദ്വേഷ വിദ്വേഷപ്രചാരണം നടത്തുന്നു.

ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (ജെ.കെ.എസ്.എ ) വിവിധ സംസ്ഥാനങ്ങളിലായി കശ്മീരി വിദ്യാർത്ഥികൾക്കെതിരെ നിരവധി പീഡനങ്ങൾ, ഭീഷണികൾ, ശാരീരിക ആക്രമണങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തു. ഇത് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോട് തീവ്ര ഹിന്ദുത്വവാദികൾ അവരുടെ അപ്പാർട്ടുമെന്റുകളോ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളോ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ പറഞ്ഞു.

‘ഡെറാഡൂണിൽ നിന്നുള്ള കശ്മീരി വിദ്യാർത്ഥികളിൽ നിന്ന് ഞങ്ങൾക്ക് നിരവധി കോളുകൾ ലഭിക്കുന്നുണ്ട്. ഇന്ന് രാവിലെ 10 മണിയോടെ കശ്മീരി മുസ്‌ലിം വിദ്യാർത്ഥികൾ ഡെറാഡൂൺ വിടണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഹിന്ദു രക്ഷാ ദൾ പുറത്തുവിട്ട വീഡിയോയെത്തുടർന്ന് വിദ്യാർത്ഥികൾ അരക്ഷിതാവസ്ഥയിലാണ്. ചണ്ഡീഗഡിലെ ഡെറാബസ്സിയിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ഞങ്ങൾക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു, രാത്രിയിൽ ഹോസ്റ്റൽ വളപ്പിനുള്ളിൽ കശ്മീരി വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. കശ്മീരി മുസ്‌ലിം വിദ്യാർത്ഥികളെ അവർ തീവ്രവാദികളെന്ന് വിളിക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു,’ ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു.

അർദ്ധരാത്രിയിൽ പ്രദേശവാസികളും മറ്റ് വിദ്യാർത്ഥികളും ഹോസ്റ്റലിൽ ബലമായി അതിക്രമിച്ചു കയറി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായി കശ്മീരി വിദ്യാർത്ഥികൾ പറഞ്ഞു. അവരുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു, ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കേറ്റെന്നും ഖുഹാമി പറഞ്ഞു.

ദുരിതത്തിലായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി അസോസിയേഷൻ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

നോയിഡയിലെ അമിറ്റി സർവകലാശാലയിൽ ഒരു കശ്മീരി വിദ്യാർത്ഥി ക്രൂരമായി മർദനത്തിനിരയായെന്നും ഖുഹാമി പറഞ്ഞു.

ഡെറാഡൂണിൽ നിശ്ചിത സമയപരിധിക്കുള്ളിൽ കശ്മീരി മുസ്‌ലിം വിദ്യാർത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു രക്ഷാ ദളും മറ്റ് ഘടകങ്ങളും നിരവധി കോളേജുകൾക്ക് നേരെ രേഖാമൂലം ഭീഷണി മുഴക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ഉത്തരാഖണ്ഡിലെ കശ്മീരി മുസ്‌ലിം വിദ്യാർത്ഥികളെ തിരിച്ചുപിടിച്ച് ശാരീരികമായി ആക്രമിക്കുമെന്ന് ഹിന്ദു രക്ഷാദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. ‘ഡെറാഡൂണിലെ സുഡുവാല ബി‌.എഫ്‌.ഐ‌.ടി കോളേജിലെ നിരവധി കശ്മീരി വിദ്യാർത്ഥികൾ ഇതിനകം തന്നെ ജീവൻ രക്ഷിക്കാൻ ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്ക് പലായനം ചെയ്തിട്ടുണ്ട്,’ ഖുഹാമി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ, ആർണി സർവകലാശാല, കാത്ഘർ (ഇൻഡോറ), കാംഗ്ര എന്നിവിടങ്ങളിലെ കശ്മീരി വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുകയും, ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കശ്മീരി വിദ്യാർത്ഥികളിൽ നിന്നും യുവാക്കളിൽ നിന്നും തങ്ങൾക്ക് സന്ദേശങ്ങൾ ലഭിച്ചെന്ന് ഖുഹാമി പറഞ്ഞു.

സംഭവത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ‘ഈ റിപ്പോർട്ടുകൾ വരുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ജമ്മു കശ്മീർ സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ എന്റെ സഹ മുഖ്യമന്ത്രിമാരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്,’ ഒമർ അബ്ദുള്ള എക്‌സിൽ പോസ്റ്റ് ചെയ്തു.

കശ്മീരി യുവാക്കളെ ഉപദ്രവിക്കുകയും താമസസ്ഥലം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി കാണിക്കുന്ന അസ്വസ്ഥജനകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദാർ നടത്തിയ പൊതു അഭ്യർത്ഥനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമർശം.

Content Highlight: ‘We are being called terrorists’: Kashmiri students face harassment from Hindu extremists  after Pahalgam attack