പ്രതാപിന്റെ തിരസാന്നിധ്യം 'എന്‍ ഇനിയ പൊന്‍ നിലാവേ '
Discourse
പ്രതാപിന്റെ തിരസാന്നിധ്യം 'എന്‍ ഇനിയ പൊന്‍ നിലാവേ '
അനു പാപ്പച്ചന്‍
Friday, 15th July 2022, 9:21 pm
മരിക്കും വരെ ഓരോന്ന് എണ്ണിപ്പറയാന്‍ ആരും ഓര്‍ത്തില്ല. മരിച്ചപ്പോള്‍ ഓരോ കഥാപാത്രവും അവരുടെ വൈശിഷ്ട്യങ്ങളോടെ ഓര്‍മയിലേക്ക് ഉദിക്കുന്നു. എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനും വിട്ടു കളയാനും തക്ക വിധം ഒഴുകിനടന്ന ഒരു കാമുകനായിരുന്നു പ്രതാപ് പോത്തന്‍ !

പ്രതാപ് പോത്തന്‍ ഒരു ‘ന്യൂജനറേഷനാ’യിരുന്നു. ശരീരഘടനയില്‍, വസ്ത്രധാരണത്തില്‍ മാനറിസങ്ങളില്‍, ഭാഷയില്‍. അക്കാലത്ത് പതിവു ഫ്രെയിമുകളില്‍ കണ്ടിരുന്ന ആണ്‍മുഖങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അയാള്‍.

ഊട്ടിയിലെ ലോറന്‍സ് സ്‌കൂളില്‍ പോയി പഠിക്കാന്‍ ഭദ്രതയുണ്ടായിരുന്ന ആണ്‍കുട്ടിയായിരുന്നു പ്രതാപ് പോത്തന്‍. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്ര ബിരുദം നേടിയ ശേഷം പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്റര്‍ ജോലിക്കു പോകേണ്ടി വന്നത് ആ ഭദ്രത തകര്‍ന്നപ്പോഴാണ്. അവിടെ നിന്ന് സിനിമയിലേക്കെത്തും വഴിയില്‍ പാലമായത് നാടകമാണ്.

മദ്രാസ് പ്ലെയേര്‍സ് എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായ പ്രതാപ് പോത്തനെ ഭരതനാണ് സിനിമയിലേക്ക് വിളിക്കുന്നത്. 1978 ലാണ് ഭരതന്‍ പോത്തനെ ‘ആരവ’ത്തിലെത്തിക്കുന്നത്. അയാള്‍ ആരായിരുന്നോ അതിനു നേരെ വിപരീതം. ‘കൊക്കരക്കോ’ എന്ന കുട്ടികളുടെ കൂവിയാര്‍ക്കലില്‍ ഇരുകയ്യില്‍ കോഴിയും പിടിച്ചോടി വരുന്ന ‘കൊക്കരക്കോ’. മലയാളം അത്രയും പരിചിതമല്ലാത്ത നാവില്‍ നിന്ന് വാക്കുകള്‍ അടര്‍ന്നടന്നു വീഴുന്ന ശൈലി കൊക്കരക്കോയുടെ കഥാപാത്രത്തിന് ചേര്‍ന്നു. ഭരതന്‍ പ്രതാപ് പോത്തനെന്ന നടനെ 1979-ല്‍ ‘തകര’യില്‍ ഒന്നുകൂടി അന്തവും കുന്തവുമില്ലാത്തവനായി ആവര്‍ത്തിച്ചു. പക്ഷേ കിട്ടിയ വേഷത്തെ അയാള്‍ നന്നായി പൊലിപ്പിച്ചു. രണ്ടു കൈയും വീശി വീശി നടന്ന് ‘തകര’യായി സുഭാഷിണിയെ ചിരിപ്പിച്ചു, കരയിപ്പിച്ചു, നമ്മെയും.

1980 ല്‍ ഭരതന്‍ ‘ചാമര’വുമായി ഒരു സ്ത്രീയുടെ പ്രണയ ജീവിതകഥ പറയുമ്പോള്‍, കണ്ണടയും വാച്ചും കാറും അടിപൊളി ടീ ഷര്‍ട്ടുകളും പുസ്തകവായനയും ഒക്കെയുള്ള ന്യൂ ജെന്‍ ‘വിനു’വായി പ്രതാപ് പോത്തന്‍. അതയാള്‍ക്ക് നല്ലവണ്ണം ചേര്‍ന്നുവെന്ന് തോന്നിക്കും വിധമായിരുന്നു ആ കഥാപാത്രത്തിന്റെ തിരസാന്നിധ്യം.
പൊതുബോധ സദാചാരങ്ങളെ തച്ചുടച്ച് അധ്യാപികയെ പ്രണയിക്കുന്ന കഥാപാത്രമായ ചാമരത്തിലെ വിനോദ് പറയുന്നുണ്ട്, ‘ആരാണ് ഈ ശരി തീരുമാനിക്കുന്നത്? എന്റെ പെണ്ണേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ എന്നെയും. അതാണ് ഏറ്റവും വലിയ ശരി”

തമിഴില്‍, പ്രതാപിലെ നടന്‍ ഒന്നുകൂടി എക്‌സ്പ്രസീവായിരുന്നു. ‘മീണ്ടും ഒരു കാതല്‍ കതൈ’യില്‍ സംവിധായകനും നായകനുമായി. സരസുവും (രാധിക) ഗണപതിയും (പ്രതാപ് ) ആ സിനിമയും എത്രമേല്‍ കണ്ണീരു പൊലിയിച്ചിട്ടുണ്ട്. ‘The Bourne Identity’ എന്ന ത്രില്ലര്‍ നോവല്‍ വായിച്ചതിന്റെ പ്രചോദനമാണ് പ്രതാപ് പോത്തനെന്ന ഡയറക്ടറുടെ അഞ്ചാമത്തെ സിനിമ ‘വെട്രി വിഴ’. കമലഹാസനും പ്രഭുവും ഒന്നിച്ച പടം 175 ദിവസത്തോളം തിയേറ്ററിലോടിയെന്നത് ചരിത്രം. കാഴ്ചകളിലും കാഴ്ചപ്പാടിലും മുന്‍പേ ഓടുന്നതില്‍ മിടുക്കനായിരുന്നു പോത്തന്‍. ‘അനിയത്തിപ്രാവി’ നേക്കാള്‍ എത്രയോ മുന്‍പ് ‘ഡെയ്‌സി ‘ ഇറക്കി പ്രതാപിലെ ഡയറക്ടര്‍ ന്യൂ ജെനായി. ടീനേജ് പ്രേമവും വിരഹവും, ഊട്ടിയുടെ ഭംഗിയും, ‘ഓര്‍മതന്‍ വാസന്ത നന്ദന തോപ്പില്‍ ” എന്ന ഹിറ്റ് പാട്ടും 80 കളില്‍ യുവതയാഘോഷിച്ചവര്‍ നെഞ്ചേറ്റി. ഡെയ്‌സി ഒരു ജനറേഷന്റെ കൂടി അടയാളമാണ്.
‘ഒരു യാത്രാമൊഴി’യില്‍ പാടേ വ്യത്യസ്തനായ മറ്റൊരു ഡയറക്ടര്‍ ആംഗിള്‍.

അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും പ്രതാപ് പോത്തന്‍ കൈവച്ചു. ചെയ്ത വേഷങ്ങള്‍ കൊണ്ടും, കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ കൊണ്ടും ശൈലികൊണ്ടും അയാള്‍ The Odd One ആയി.

ഭരതന്റെ സിനിമകളിലൂടെ കൈ കോര്‍ത്ത രണ്ടു പേരിലൊരാള്‍- നെടുമുടി വേണു കാലക്രമേണ മലയാള സിനിമക്കവിഭാജ്യമായപ്പോള്‍ മറ്റേയാള്‍ വന്നും പോയും തുടര്‍ന്നു. പക്ഷേ പല നടന്മാര്‍, അവരുടെ വൈവിധ്യങ്ങള്‍, കണ്‍മുന്നില്‍ മാറി മറഞ്ഞപ്പോഴും അവരില്‍ പലരും വെള്ളിത്തിരയുടെ താരങ്ങളായപ്പോഴും ന്യൂജനായ പ്രതാപ് പോത്തന്‍ ന്യൂ ജെനായ പുതുതലമുറക്ക് പരിചിതനായി തന്നെ തുടര്‍ന്നു.

’22 ഫീമെയിലി’ല്‍, ‘അയാളും ഞാനും തമ്മിലി’ല്‍, ‘ബാംഗ്ലൂര്‍ ഡേയ്‌സി’ല്‍, ‘ഉയരെ’യില്‍ പ്രതാപ് പോത്തനെ കണ്ടപ്പോള്‍ ഓള്‍ഡ് ജനറേഷന്‍ നവംബറിലെ നഷ്ടത്തിലെ ദാസിനെ ഓര്‍ത്ത് നൊസ്റ്റാള്‍ജിക് ആയി.

മരിക്കും വരെ ഓരോന്ന് എണ്ണിപ്പറയാന്‍ ആരും ഓര്‍ത്തില്ല. മരിച്ചപ്പോള്‍ ഓരോ കഥാപാത്രവും അവരുടെ വൈശിഷ്ട്യങ്ങളോടെ ഓര്‍മയിലേക്ക് ഉദിക്കുന്നു. എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനും വിട്ടു കളയാനും തക്ക വിധം ഒഴുകിനടന്ന ഒരു കാമുകനായിരുന്നു പ്രതാപ് പോത്തന്‍ !

Macho man അല്ലാത്ത പുരുഷ ഭാവം അവതരിപ്പിക്കുന്നതില്‍ പ്രതാപിനുള്ള മികവ് തെളിയുന്നിപ്പോള്‍. ആ വ്യത്യസ്തത കാലം സ്മരിക്കതന്നെ ചെയ്യും.

40 വര്‍ഷം കഴിഞ്ഞില്ലേ?.

ഇളയരാജയുടെ സംഗീതം
ആ ഗിത്താര്‍,
യേശുദാസിന്റെ ശബ്ദം,
പ്രതാപിന്റെ തിരസാന്നിധ്യം. –

‘എന്‍ ഇനിയ പൊന്‍ നിലാവേ ‘

എന്തൊരുന്മാദം

RIP

Content Highlight: write up of Anu 0Pappachan about Prathap Pothen