national news
കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 14 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 03:09 am
Wednesday, 30th April 2025, 8:39 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ റിതുരാജ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ (ചൊവ്വ) രാത്രിയോടെയാണ് സംഭവം.

അപകടത്തില്‍ നിന്ന് നിരവധി ആളുകളെ രക്ഷിച്ചതായി കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബുറാബസാറിലെ മെച്ചുവ ഫ്രൂട്ട് മാര്‍ക്കറ്റ് ഏരിയയിലുള്ള ഹോട്ടല്‍ റിതുരാജില്‍ രാത്രി 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടിട്ടുണ്ട്. തീപിടുത്തമുണ്ടായതിന് പിന്നാലെ പരിഭ്രാന്തരായ ആളുകളോട് ബാല്‍ക്കണിയില്‍ നിന്ന് ചാടരുതെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിരവധി ആളുകള്‍ ഇത്തരത്തില്‍ താഴേക്ക് ചാടി രക്ഷപ്പെടുകയും ഇതിനിടെ ഒരാള്‍ അപകടത്തില്‍ പെടുകയുമായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഹോട്ടലിലെ വിവിധ മുറികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലേക്കും നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയതായാണ് വിവരം.

സംഭവസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തീപിടുത്തത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ് കോര്‍പ്പറേഷനെതിരെ രംഗത്തെത്തിയത്.

ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച വൈദ്യസഹായവും സാമ്പത്തിക പിന്തുണയും ഉറപ്പ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശുഭാങ്കര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Content Highlight: Massive fire breaks out in Kolkata hotel; 14 dead, rescue operation continues