Advertisement
Film News
ഇന്റര്‍വ്യൂവില്‍ നിന്ന് നേരിട്ടിറങ്ങി വന്നോ? കുമാരിയുടെ ലോകത്തേക്ക് വഴിതെറ്റി വന്ന ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 18, 06:05 pm
Friday, 18th November 2022, 11:35 pm

നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തിലൊരുങ്ങിയ കുമാരി ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. മന്ത്രവാദങ്ങളിലൂടെയും അമാനുഷിക ശക്തികളിലൂടെയും കടന്നുപോകുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രം ഇപ്പോള്‍ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് പിന്നാലെ ഷൈന്‍ ടോം ചാക്കോയാണ് ചര്‍ച്ചയാവുന്നത്.

സമീപകാലത്ത് വന്ന സിനിമകളില്‍ തന്റെ പ്രകടനം കൊണ്ട് ഷോ സ്റ്റീലറാവാറുള്ള താരമാണ് ഷൈന്‍. എന്നാല്‍ കുമാരിയില്‍ അദ്ദേഹം ഒരു മിസ് കാസ്റ്റായിരുന്നില്ലേ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ഇല്ലിമലക്കപ്പുറമുള്ള കാഞ്ഞിരങ്ങാട്ടെ തറവാട്ടിലെ ഇളയ സന്തതിയായ ധ്രുവനെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ധ്രുവന്റെ ഭാര്യയായിട്ടാണ് ഐശ്വര്യ ലക്ഷ്മിയുടെ കുമാരി കാഞ്ഞിരങ്ങാട്ടേക്ക് എത്തുന്നത്.

അനന്തഭദ്രത്തിലെ ദിഗംബരന്റെയൊക്കെ ടൈപ്പ് കഥാപാത്രമാവേണ്ടിയിരുന്ന ഒന്നാണ് കുമാരിയിലെ ധ്രുവന്‍. എന്നാല്‍ അത്ര ഇമ്പാക്ട് ഈ കഥാപാത്രത്തിലേക്ക് എത്തിക്കാന്‍ ഷൈനിന്റെ പെര്‍ഫോമന്‍സ് കൊണ്ടായില്ല. ചിത്രത്തില്‍ വലിയ ക്യാരക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ വരുന്ന കഥാപാത്രമാണ് ധ്രുവന്‍.

അടുത്ത കാലത്ത് വന്ന ഷൈനിന്റെ അഭിമുഖങ്ങിലെ പെരുമാറ്റവും പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായതാണ്. ഇതിന് സമാനമായ ഒരു ഷൈനിനെയാണ് ചിത്രത്തില്‍ കാണാനായത്. ചില ഡയലോഗുകള്‍ക്കൊന്നും വ്യക്തതയുണ്ടായിരുന്നില്ല. തിയേറ്ററിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് മനസിലാകാത്ത വിധമായിരുന്നു ഷൈന്‍ ടോമിന്റെ പല ഡയലോഗ് ഡെലിവറിയും.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ നോക്കുകയാണെങ്കില്‍ പ്രകടനത്തില്‍ സുരഭി ലക്ഷ്മിയും ഐശ്വര്യ ലക്ഷ്മിയുമാണ് മുന്നിട്ട് നിന്നത്. സ്വാസികയും തന്റെ റോള്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. തിരക്കഥയില്‍ അപാകതകള്‍ സംഭവിച്ച സിനിമ എന്‍ഗേജ് ചെയ്യിക്കുന്നതില്‍ അത്ര വിജയിച്ചിട്ടില്ല.

Content Highlight: write up about the performance of shine tom chacko in kumari movie