ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്; ഹാട്രിക് നേടുമോ വിജയ കോമ്പോ?
Film News
ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്; ഹാട്രിക് നേടുമോ വിജയ കോമ്പോ?
അമൃത ടി. സുരേഷ്
Tuesday, 21st November 2023, 2:47 pm

ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, മലയാളത്തിലെ അനേകം പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ്. എന്നാല്‍ അങ്ങനെ സാധാരണമെന്ന് പറയാവുന്നതല്ല ഈ പ്രൊഡക്ഷന്‍ ഹൗസ്. കണ്ടന്റ് സെലക്ഷനാണ് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനെ വേറിട്ട് നിര്‍ത്തുന്നത്. വലിയ വിജയങ്ങളായ സിനിമകളാണ് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇതുവരെ പുറത്തിറക്കിയത്. മൂന്നിലും നായകനായത് ബേസില്‍ ജോസഫാണ്.

2021 നവംബര്‍ 19നാണ് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മനായാരുന്നു അവരുടെ കന്നിച്ചിത്രം. ചിദംബരത്തിനൊപ്പം സഹോദരനും നടനുമായ ഗണപതിയാണ് ജാന്‍ എ മനിന്റെ രചന നിര്‍വഹിച്ചത്. ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, ലാല്‍, അഭിറാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയ്മോന്‍ പിറന്നാള്‍ ആഘോഷത്തിനായി മാത്രം നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കിടയിലേക്ക് ഒരു നാള്‍ ഇടിച്ച് കേറി വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്.

കൊവിഡിന് ശേഷം പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് അപ്രതീക്ഷിത വിജയം കൊണ്ട് ആശ്വാസം നല്‍കിയ ചിത്രം കൂടിയായിരുന്നു ജാന്‍ എ മന്‍. വലിയ മൗത്ത് പബ്ലിസിറ്റിയായിരുന്നു ജാന്‍ എ മനിന് ലഭിച്ചിരുന്നത്. കുറുപ്പ് എന്ന വമ്പന്‍ ചിത്രത്തിനൊപ്പമിറങ്ങിയിട്ടും വലിയ വിജയം നേടാന്‍ ജാന്‍ എ മനിനായി, അതും വലിയ താരനിരയില്ലാതെ തന്നെ. ബേസില്‍ ജോസഫ് എന്ന നടന്റെ കരിയറിലെ വലിയ വഴിത്തിരിവ് കൂടിയാണ് ഈ ചിത്രം. ക്യാരക്ടര്‍ റോളുകള്‍ ചെയ്തിരുന്ന ബേസില്‍ പ്രധാന കഥാപാത്രമായി വന്ന ആദ്യചിത്രം കൂടിയായിരുന്നു ജാന്‍ എ മന്‍.

2022 ഒക്ടോബര്‍ 28നാണ് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പ്രൊഡക്ഷനില്‍ ജയ ജയ ജയ ജയ ഹേ പുറത്തിറങ്ങുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. സ്വന്തം വീട് മുതല്‍ ഭര്‍ത്താവിന്റെ വീട് വരെ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങളേയും അതില്‍ നിന്നുമുള്ള അതിജീവനവുമാണ് ചിത്രം പറഞ്ഞത്. ജയ ഹേയിലെ അഭിനേതാക്കളുടെ പ്രകടനം, പ്രത്യേകിച്ച് ബേസിലിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച കുടശ്ശനാട് കനകം, അസീസ് നെടുമങ്ങാട് എന്നിവരുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

മൗത്ത് പബ്ലിസിറ്റി ഈ ചിത്രത്തിന്റെ വിജയത്തിലും നിര്‍ണായക പങ്ക് വഹിച്ചു. തിയേറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ പ്രത്യേകിച്ച് സ്ത്രീകളുടെ വലിയ ഒഴുക്ക് തന്നെയുണ്ടായി. ഒ.ടി.ടി റിലീസിന് ശേഷം കേരളത്തിന് പുറത്തേക്കും വലിയ സ്വീകാര്യതയാണ് ജയ ജയ ജയ ജയ ഹേക്ക് ലഭിച്ചത്.

കഴിഞ്ഞ നവംബര്‍ 17നാണ് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് മൂന്നാമത്തെ ചിത്രം പുറത്ത് വന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒത്തൊരുമയില്ലാത്ത അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്നതും അത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫാലിമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ കൂടി ഹിറ്റായാല്‍ ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്- ബേസില്‍ കോമ്പോ ഹാട്രിക് നേടും.

ഇതുവരെയുള്ള ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മൂന്ന് ചിത്രങ്ങളെടുത്താലും അതെല്ലാം കണ്ടന്റ് ഡ്രിവണ്‍ ചിത്രങ്ങളാണെന്ന് പറയാം. തിരക്കഥക്കും മേക്കിങ്ങിനുമാണ് പ്രാധാന്യം. ബേസില്‍, ദര്‍ശന എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ താരനിരയും മൂന്ന് ചിത്രങ്ങളിലുമില്ല. ഒരുപാട് പുതുമുഖങ്ങളേയും മൂന്ന് ചിത്രങ്ങളിലൂടെയും ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിച്ചു. മലയാള സിനിമയില്‍ പ്രതീക്ഷ വെക്കാവുന്ന പ്രൊഡക്ഷന്‍ ഹൗസായിരിക്കുകയാണ് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

Content Highlight: Write up about cheers entertainments- basil joseph’s combo

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.