Entertainment
സാരി വലിക്കുന്ന ആ ഷോട്ടാണ് സിനിമയില്‍ ആദ്യമായി ഷൂട്ട് ചെയ്തത്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 10:50 am
Wednesday, 30th April 2025, 4:20 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോ അവസാനിച്ചതുമുതല്‍ അതിഗംഭീര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായാണ് പലരും ഈ സിനിമയെ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന കോമ്പോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ടായിരുന്നു. ഒരുപാട് ചിത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച അഭിനേതാക്കളാണ് മോഹന്‍ലാലും ശോഭനയും

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യത്തെ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. തുടരും സിനിമയില്‍ കോ ഡയറക്ടറായി പ്രവര്‍ത്തിച്ച ബിനു പപ്പു ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്.

സിനിമയിലെ ഏറ്റവും ആദ്യത്തെ ഷോട്ട് സാരി വലിക്കുന്ന ഷോട്ടായിരുന്നുവെന്നും മോഹന്‍ലാലിനെയും ശോഭനയും വെച്ചിട്ട് തന്നെയാണ് തങ്ങള്‍ സിനിമയുടെ ആദ്യത്തെ രംഗം ഷൂട്ട് ചെയ്തതെന്നും ബിനു പപ്പു പറയുന്നു. താനും തരുണും അവര്‍ക്ക് സീന്‍ വിവരിച്ച് കൊടുത്തുവെന്നും പിന്നീട് ഇരുവരും അവരുടേതായ രീതിയില്‍ ഭംഗിയായി ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ഏറ്റവും ആദ്യത്തെ ദിവസം പൂജയൊക്കെ കഴിഞ്ഞ് ഫസ്റ്റ് എടുത്തത് സാരി വലിക്കുന്ന ഷോട്ടാണ്. അതാണ് ആ പടത്തിലെ ഏറ്റവും ആദ്യത്തെ ഷോട്ട്. ലാലേട്ടനെയും മാമിനെയും വെച്ചിട്ട് തന്നെയാണ് ഞങ്ങള്‍ സിനിമ ചെയ്ത് തുടങ്ങിയത്. ക്യാമറ വെച്ചു എല്ലാം റെഡിയാക്കി കൊണ്ട് വന്ന് നിര്‍ത്തിയത് മോഹന്‍ലാലിനെയും ശോഭനയെയുമാണ് (ചിരി) ഞാനും തരുണും ഇങ്ങനെയാണ് വേണ്ടതെന്ന് പറഞ്ഞ് പൊസിഷനൊക്കെ പറഞ്ഞ് കൊടുത്തു. പിന്നീട് അത് മാമും ലാലേട്ടനും ഏറ്റെടുത്തു. അവരുടെതായ രീതിക്ക് അവര്‍ അത് ചെയ്തു,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu pappu  about  first shot in Thudarum movie.