കോഴിക്കോട്: പുല്ലിപ്പല്ല് കൈവശം വെച്ചുവെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടന് പിന്തുണയുമായി പാട്ടുകാരനായ ഷാഫി കൊല്ലവും.
വേദനിച്ചവര്‍ക്കും വേര്‍തിരിക്കപ്പെട്ടവര്‍ക്കും വേരിട്ടുകൊടുത്തവനാണ് വേടനെന്നും നിയമത്തിനുമുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷ നല്‍കി തിരുത്താമെന്നും എന്നാല്‍ വിപ്ലവമൂര്‍ച്ചയുള്ള അവന്റെ വരികളെയും പാട്ടിനെയും ഭയക്കുന്നവരുടെ ആഗ്രഹപ്രകാരം വേടനെ വായടപ്പിക്കാന്‍ മോഹമുണ്ടെങ്കില്‍ അതിവിടെ നടക്കില്ലെന്ന് കൊല്ലം ഷാഫി പറഞ്ഞു.
ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണ് വേടനെന്നും മിണ്ടാന്‍ പേടിക്കുന്നവര്‍ക്ക് നാവായവനാണ് അവനെന്നും കൊല്ലം ഷാഫി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പ് വഴിയായിരുന്നു കൊല്ലം ഷാഫിയുടെ പ്രതികരണം.
കൊല്ലം ഷാഫിക്ക് പുറമെ വേടന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കല-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് അധ്യാപകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടവും പ്രതികരിച്ചിരുന്നു.
ഇക്കാര്യത്തില്‍ സാങ്കേതികമായി ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നിലുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വേടന്റെ ഏറ്റവും പുതിയ പാട്ടായ മോണലോവ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങി. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ ഈ പാട്ടിനെ വിശേഷിപ്പിച്ചത്. തന്റെതായി ഇനിയും നല്ല പാട്ടുകള്‍ പുറത്ത് വരുമെന്ന് വേടന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കോടതിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു വേടന്റെ പ്രതികരണം. പുതിയ പാട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്ന വേടന്‍. തന്റെ പാട്ട് ഇഷ്ടപ്പെട്ടോ എന്ന് മാധ്യമപ്രവര്‍ത്തകരോട് വേടന്‍ ചോദിച്ചിരുന്നു. എങ്ങനെയുണ്ട് എന്ന് വേടന്റെ ചോദ്യത്തിന് ഇഷ്ടപ്പെട്ടെന്ന് മാധ്യമപ്രവ്രര്‍ത്തകരും ഉത്തരം നല്‍കി.
അതേസമയം പുലിപ്പല്ല് കൈവശം വെച്ചുവെന്നാരോപിച്ച് വനംവകുപ്പ് ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അഞ്ച് ഗ്രാം കഞ്ചാവ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് എട്ട് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.
ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.
Content Highlight: Singer Shafi Kollam in support with rapper Vedan