ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒമ്പത് നഷ്ടത്തില്‍ 204 റണ്‍സാണ് ഉയര്‍ത്തിയത്. പക്ഷേ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് 190 മാത്രമാണ് നേടാന്‍ സാധിച്ചത്.
കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്ന്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനമാണ് നടത്തിയത്. 7.25 എന്ന എക്കോണമിയിലാണ് താരം ഓവര്‍ പൂര്‍ത്തിയാക്കിയത്. മാത്രമല്ല ബാറ്റിങ്ങില്‍ 16 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടാനും താരത്തിന് സാധിച്ചു. ഇതോടെ കളിയിലെ താരമാകാനും നരെയ്‌ന് സാധിച്ചു.
ഇതിനെല്ലാം പുറമെ ഒരു ലോക റെക്കോഡ് സ്വന്തമാക്കാനാണ് നരെയ്‌ന് സാധിച്ചത്. വിക്കറ്റ് നേട്ടത്തോടെ പുരുഷ ടി-20 ക്രിക്കറ്റില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് നരെയ്‌ന് സാധിച്ചത്. ഈ നേട്ടത്തില്‍ അമേരിക്കന്‍ ക്രിക്കറ്ററായ സ്മിത് പട്ടേലിനൊപ്പമെത്താനും താരത്തിന് കഴിഞ്ഞു.
സമിത് പട്ടേല്‍ – 208 – നോട്ടിങ്ഹാംഷെയര്‍
സുനില്‍ നരെയ്ന്‍ – 208* – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ക്രിസ് വുഡ് – 199 – ഹാംഷെയര്‍
ലസിത് മലിംഗ – 195 – മുംബൈ ഇന്ത്യന്‍സ്
ഡേവിഡ് പെയ്ന്‍ – 193 – ഗ്ലൗസെസ്റ്റര്‍ഷെയര്‍
നരെയ്‌ന് പുറമെ വരുണ്‍ ചക്രവര്‍ത്തി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ അനുകുല്‍ റോയ്, വൈഭവ് അറോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ദല്‍ഹിക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ ഫാസ് ഡു പ്ലെസി ആണ്. 45 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 43 റണ്‍സും നേടി. മധ്യനിരയില്‍ വിപ്രജ് നിഗം 19 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
Content Highlight: IPL 2025: Sunil Narine In Great Record Acheivement In T-20 Cricket