ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു
national news
ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th May 2023, 1:37 pm

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ നിന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

താരങ്ങളെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് ശ്രമത്തെ താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ജന്തര്‍മന്തറിന്റെ നിന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കായിരുന്നു മാര്‍ച്ച. എന്നാല്‍ ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പതാകയും കയ്യിലേന്തിയായിരുന്നു താരങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

തങ്ങളും രാജ്യത്തെ ജനങ്ങളാണെന്നും ഏതൊരു സാധാരണ വ്യക്തിയെ പോലെ തങ്ങള്‍ക്കും നടക്കാമെന്ന് താരങ്ങള്‍ പറഞ്ഞതായി എ.ബി.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിലേക്ക് സമാധാനപരമായി പ്രതിഷേധം നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും താരങ്ങള്‍ പറഞ്ഞു.

പാര്‍ലമെന്റിന് മുന്‍പില്‍ സമാധാനപരമായി മഹിള മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നേരത്തെ താരങ്ങള്‍ അറിയിച്ചിരുന്നു. മഹിള പഞ്ചായത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

‘ദല്‍ഹിയെ ആകെ പൊലീസ് അടച്ചിട്ടുണ്ട്. എന്നാല്‍ മഹിള പഞ്ചായത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. യാതൊരു പ്രകോപനവും കൂടാതെ തന്നെ പൊലീസ് ഞങ്ങളോട് ക്രൂരമായി പെരുമാറുകയാണ്,’ വിനേഷ് ഫോഗട്ട് പറഞ്ഞു.

അതേസമയം, ഗുസ്തി താരങ്ങളുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഖാപ് പഞ്ചായത്ത് നേതാക്കളും കര്‍ഷകരും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഐ.ടി.ഒ റോഡിനും ടിക്രി അതിര്‍ത്തിക്കും സിംഗു അതിര്‍ത്തി പ്രദേശത്തിനും സമീപം ദല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

35 ദിവസമായി ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുകയാണ്. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

CONTENTHIGHLIGHT: wrestlers detained trying to march to parliament