ന്യൂദല്‍ഹി: കുറഞ്ഞ സമയത്തിനുള്ളില്‍ പാര്‍ലമന്റില്‍ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയ സാഹചര്യത്തില്‍ വീണ്ടും വിശദീകരണവുമായി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍.
പാനി പൂരിയ്ക്ക് (പാപ്രി ചാട്ട്) പകരം ദോക്ല (ഗുജറാത്തി പലഹാരം) എന്നുപയോഗിച്ചാല്‍ മതിയായിരുന്നോ എന്നാണ് ഡെറികിന്റെ പുതിയ പ്രസ്താവന. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് താന്‍ സംസാരിച്ചതെന്നും സഭയെ അപമാനിക്കുന്ന ഭാഷയല്ല അതെന്നും ഡെറിക് പറഞ്ഞു.
‘ഞാന്‍ സാധാരണക്കാരുടെ ഭാഷയില്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് സംസാരിച്ചത്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ശൈലി ഉപയോഗിച്ചത്. ഇനി പാപ്രി ചാട്ട് ആണ് മോദിയുടെ പ്രശ്‌നമെങ്കില്‍ അത് മാറ്റിപ്പിടിക്കാം. ദോക്ല എന്ന് ആക്കിയാല്‍ സന്തോഷമാകുമോ?,’ ഡെറിക് ചോദിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര ചര്‍ച്ചപോലും ചെയ്യാതെയാണ് പാര്‍ലമന്റില്‍ ഓരോ ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നതെന്നാണ് എം.പി ഡെറിക് ഒബ്രിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏഴ് മിനിറ്റ് മാത്രമൊക്കെയെടുത്താണ് സുപ്രധാനമായ പല നിയമങ്ങളും പാസാക്കുന്നതെന്നും ഡെറിക് പറഞ്ഞു.
ഈ തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണമാണോ അതോ പാനി പൂരി ഉണ്ടാക്കുകയാണോ എന്നാണ് ഡെറിക് പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മോദിയും അമിത് ഷായും കൂടി ചേര്‍ന്ന് പാസാക്കിയത് 12 ബില്ലുകളാണ്. ഒന്ന് പരിശോധിച്ചാല്‍ ഓരോ ബില്ല് പാസാക്കാനും എടുത്തത് ഏഴ് മിനിറ്റില്‍ താഴെ മാത്രം സമയമാണ്. അല്ല നിങ്ങള്‍ നിയമനിര്‍മ്മാണമാണോ നടത്തുന്നത് അതോ പാനി പൂരി ഉണ്ടാക്കല്‍ മത്സരം നടത്തുകയാണോ,’ എന്നായിരുന്നു ഡെറികിന്റെ പ്രസ്താവന.
മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളുടെ പേരും അവ പാസാക്കാന്‍ എടുത്ത സമയവും രേഖപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളോടൊപ്പമാണ് ഡെറിക് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
അതേസമയം ഡെറികിന്റെ വിമര്‍ശനത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായല്ല കേന്ദ്രത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തുന്നത്. മുമ്പ് 2019ല്‍ മുത്തലാഖ് ബില്‍ തിടുക്കത്തില്‍ പാസാക്കിയതിനെതിരെയും ഡെറിക് വിമര്‍ശനമുന്നയിച്ചിരുന്നു. എന്തിനാണ് ഇത്ര തിടുക്കം. നിയമനിര്‍മ്മാണമാണ്, പിസ ഡെലിവറിയല്ല. എന്നായിരുന്നു അന്ന് ഡെറിക് പറഞ്ഞത്.
ജൂലൈ 19നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത്. കര്‍ഷക പ്രക്ഷോഭം, പെഗാസസ് വിവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.