India
സിക വൈറസ് സാന്നിദ്ധ്യം ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിട്ടും മറച്ചു വെച്ചതായി ലോക ആരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 28, 11:17 am
Sunday, 28th May 2017, 4:47 pm

ന്യൂദല്‍ഹി: 2016 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ഗുജറാത്തില്‍ സിക വൈറസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നുവെന്നും ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നുവെന്നും ലോക ആരോഗ്യ സംഘടന. സംസ്ഥാന സര്‍ക്കാറാണ് ഈ വിവരം മറച്ചു വെച്ചത്. ലോക ആരോഗ്യ സംഘടന വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ഗര്‍ഭിണിയായ യുവതിയ്ക്കും ഒരു വൃദ്ധനുമാണ് ഗുജറാത്തില്‍ സിക വൈറസ് ബാധിച്ചത്. ഈ വര്‍ഷം മെയ് 15-ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും ലോക ആരോഗ്യ സംഘടന പറയുന്നു.


Also Read: ‘ ജീവിതത്തിലും ‘ഉന്നം’ പിഴയ്ക്കാതെ അയിഷ’; സഹോദരനെ രക്ഷിക്കാന്‍ അക്രമികളെ വെടിവെച്ചിട്ട് ദേശീയ ഷൂട്ടിംഗ് താരം


ബപൂണ്‍ നഗറില്‍ നിന്നുള്ളവരാണ് വൈറസ് ബാധിച്ചയാളുകള്‍. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബി.ജെ മെഡിക്കല്‍ കോളേജിലാണ് വൈറസ് ബാധയേറ്റവരെ പരിശോധിച്ചത്. അഹമ്മദാബാദില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് നടക്കുന്ന സമയമായതിനാല്‍ വൈറസ് ബാധയെക്കുറിച്ചുള്ള വിവരം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചതായാണ് ആരോപണം. അഹമ്മദാബാദില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതായി ഗുജറാത്ത് ഹെല്‍ത്ത് കമ്മീഷണര്‍ ജെ പി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ വൈറസ് പുറത്തുനിന്ന് വന്നതാണോ അല്ലയോ എന്ന കാര്യം ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.