പൂനെ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയെ വിമർശിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനായ കുനാൽ കമ്രയുടെ വീഡിയോയായ നയാ ഭാരത് എ കോമഡി സ്പെഷ്യലിന് യൂട്യൂബിൽ ബ്ലോക്ക്. കോമഡി സ്‌പെഷ്യലിൽ ‘മിസ്റ്റർ ഇന്ത്യ’ സിനിമയിലെ ഒരു ഗാനത്തിന്റെ പാരഡിയാണ് ഉൾപ്പെടുത്തിയത്. ഈ ഗാനം ടി- സീരിസിന്റെതാണെന്നും കുനാൽ കമ്ര പകർപ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ചുമായിരുന്നു വീഡിയോ ബ്ലോക്ക് ചെയ്തത്.
പിന്നാലെ ടി-സീരീസിനെതിരെ രൂക്ഷ വിമർശനവുമായി കുനാൽ കമ്ര എത്തി. നയാ ഭാരത് എന്ന തന്റെ വീഡിയോ പകർപ്പവകാശ നിയന്ത്രണങ്ങൾ കാരണം ബ്ലോക്ക് ചെയ്‌തിരിക്കുന്നതായും അതിനാൽ കാഴ്ചക്കാർക്ക് അത് കാണാനാവില്ലെന്നും കമ്ര എക്‌സിൽ പങ്കുവെച്ചു.
‘ഹലോ ടീസീരിസ്, മറ്റൊരാളുടെ അടിമയാകുന്നത് നിർത്തൂ. പാരഡിക്കും ആക്ഷേപഹാസ്യത്തിനുമായി പാട്ടുകൾ ഉപയോഗിക്കാൻ കഴിയാവുന്നതാണ്. ഞാൻ പാട്ടിന്റെ വരികളോ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. എന്റെ ഈ വീഡിയോ നിങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ഈ ഗാനം ഉപയോഗിച്ചുള്ള എല്ലാ കവർ ഗാനങ്ങളും, നൃത്ത വീഡിയോകളും നിങ്ങൾ നീക്കം ചെയ്യേണ്ടതല്ലേ? എന്തുകൊണ്ട് അത് ചെയ്യുന്നില്ല ,’ അദ്ദേഹം ചോദിച്ചു.
മിസ്റ്റർ ഇന്ത്യയിലെ ‘ ഹവാ ഹവായ് ‘ എന്ന പാട്ടിന്റെ പാരഡിയായിരുന്നു വീഡിയോയിൽ ഉപയോഗിച്ചിരുന്നത്. അനിൽ കപൂറും അന്തരിച്ച സിനിമാതാരം ശ്രീദേവിയും അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ടി-സീരീസിന്റേതാണ്.
‘ഗാനം ഉപയോഗിക്കുന്നതിന് മുമ്പ് കുനാൽ കമ്ര ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാൽ പകർപ്പവകാശ ലംഘനം നടന്നിരിക്കുകയാണ്. അതിനാൽ അദ്ദേഹത്തിന്റെ പുതിയ വീഡിയോ ഞങ്ങൾ തടയുകയാണ്,’ ടി-സീരീസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ നയങ്ങളെയും വിമർശിക്കുന്നതിനായി കോമഡി സ്‌പെഷ്യലിൽ കമ്ര ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ പ്രവർത്തികളെ രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ സ്വാച്ഛാധിപതികളെന്ന് വിമർശിച്ചുമാണ് കമ്രയുടെ പുതിയ ഗാനം ഇറങ്ങിയത്.
ശിവസേന – എൻ.സി.പി പിളർപ്പുകൾ ഉൾപ്പെടെ മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വിമർശിക്കുന്ന ആക്ഷേപഹാസ്യ വീഡിയോയായ ‘നയാ ഭാരത്’ യൂട്യൂബിൽ 6.7 ദശലക്ഷത്തിലധികം വ്യൂസ് നേടിയിരുന്നു.
മാർച്ച് 23 നായിരുന്നു പാരഡി ഗാനത്തിലൂടെ കുനാൽ കമ്ര ഷിൻഡെയെ വിമർശിച്ചത്. ‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ ഇതായിരുന്നു കുനാല്‍ കമ്ര പറഞ്ഞത്.
പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Kunal Kamra slams T-Series for blocking ‘Naya Bharat’ video on YouTube