മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.
ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരു പെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേ മായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങി മികച്ച നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഷീലക്ക് സാധിച്ചിരുന്നു.
1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. ഇതിനിടയില്‍ പ്രേം നസീര്‍, സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമല്‍ ഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ ഷീലക്ക് സാധിച്ചു.
1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോള്‍ നടന്‍ സുകുമാരനെ കുറിച്ച് പറയുകയാണ് ഷീല. നിരവധി സിനിമകളില്‍ സുകുമാരനൊപ്പം അഭിനയിക്കാന്‍ ഷീലക്ക് സാധിച്ചിരുന്നു.
പ്രേമം അഭിനയിക്കാനുള്ള സീനില്‍ സുകുമാരനെ പോലെ ഇത്രയും മോശമായി അഭിനയിക്കുന്ന വേറെ ആളില്ലെന്നാണ് ഷീല പറയുന്നത്. അദ്ദേഹത്തിന് ഒരിക്കലും പ്രേമം മുഖത്ത് കാണിക്കാന്‍ സാധിക്കില്ലെന്നും നടി പറയുന്നു.
‘ഞാനും സുകുമാരനുമുള്ള ഒരു സിനിമയില്‍ ഞങ്ങള്‍ കെട്ടിപ്പിടിക്കുന്ന സീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. അയ്യോ സുകുമാരന് പ്രേമമെന്ന് പറയുന്ന ഒരു സാധനം മുഖത്ത് വരില്ല.
പ്രേമത്തോടെ ഒന്ന് നോക്കാന്‍ പറഞ്ഞാല്‍ പ്രേമത്തിന്റെ ഭാവം മുഖത്ത് വരില്ല. ഒരിക്കലും പ്രേമം മുഖത്ത് കാണിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. പ്രേമിക്കാനുള്ള സീനില്‍ സുകുമാരനെ പോലെ ഇത്രയും മോശമായി അഭിനയിക്കുന്ന വേറെ ആളില്ല.
‘എന്താ, എന്നെ ഇഷ്ടമാണോ’ എന്ന് പ്രേമത്തോടെ ചോദിക്കാന്‍ പറഞ്ഞാല്‍ ഗൗരവത്തോടെ ‘എന്താ, എന്നെ ഇഷ്ടമാണോ’ എന്നാകും സുകുമാരന്‍ ചോദിക്കുക (ചിരി),’ ഷീല പറയുന്നു.
Content Highlight: Sheela Talks About Sukumaran