national news
വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി ലാലു പ്രസാദ് യാദവും തേജസ്വിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 27, 04:06 am
Thursday, 27th March 2025, 9:36 am

പാട്‌ന: വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും. ഭരണത്തിലാണെങ്കിലും അല്ലെങ്കിലും വഖഫ് ബില്‍ പാസാക്കുന്നത് തടയാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ഇരുവരും പങ്കെടുത്തത്.

ഭരണഘടനാ വിരുദ്ധമായ വഖഫ് (ഭേദഗതി) ബില്ലിനെതിരായ പോരാട്ടത്തില്‍ താനും പാര്‍ട്ടിയും അതിന്റെ നേതാവായ ലാലു പ്രസാദ് യാദവും പങ്കെടുക്കുമെന്നും പിന്തുണയ്ക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

‘നിങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമാണ് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഇവിടെ എത്തിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ ബില്ലിനെ പാര്‍ലമെന്റിലും വിധാന്‍ സഭയിലും വിധാന്‍ പരിഷത്തിലും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്,’ തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചെങ്കിലും സഭ പിരിച്ചുവിടുകയായിരുന്നുവെന്നും ബില്‍ ഒരിക്കലും പാസാക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബില്‍ പിന്‍വലിക്കണമെന്നും മുസ്‌ലിങ്ങളുടെ മോശം സാമൂഹിക, സാമ്പത്തിക അവസ്ഥകള്‍ എടുത്തുകാണിക്കുന്ന സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെയായിരുന്നു സഭ പിരിച്ചുവിട്ടത്.

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കാനായാണ് വഖഫ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ജനാധിപത്യം തകര്‍ക്കാനും ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നുനിന്ന് ശക്തമായി എതിര്‍ക്കുമെന്നും മുസ്‌ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിയമ നിര്‍മാണത്തെ പിന്തുണച്ചാല്‍ എന്‍.ഡി.എ ഘടകകക്ഷികളായ ജനദാദള്‍ യുവിനും എല്‍.ജെ.പിക്കും ടി.ഡി.പിക്കുമെതിരെ മുസ്‌ലിം സമുദായം നിലപാടെടുക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.

Content Highlight: Lalu Prasad Yadav and Tejashwi Yadav support the protest against the Waqf Bill