ജാലിയന്‍വാലാ ബാഗും വൈക്കം സത്യാഗ്രഹവും തമ്മിലുള്ള ബന്ധത്തെയറിയാന്‍ ശ്രമിക്കേണ്ട ഒരു വര്‍ഷമാണിത്. ഗുരു-ഗാന്ധി സംവാദത്തിന്റെ ശതാബ്ദി വര്‍ഷം ഗാന്ധിയും ഇണ്ടംതുരുത്തി നമ്പ്യാതിരിയും നടത്തിയ സംഭാഷണത്തിന്റേയും നൂറാം വര്‍ഷമാണ്. ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഗാന്ധിജി ശ്രീനാരായണഗുരുവിനെ കാണാനെത്തുന്നത്.
ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇവിടുത്തെ പാര്‍ശ്വത്കരിക്കപ്പെട്ട ജനതയോടുള്ള സമീപനത്തെ ജനറല്‍ ഡയറുടെ സ്വഭാവത്തോട് ഗാന്ധിജി ഉപമിക്കുന്നത്. ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്ക്കും കൊളോണിയല്‍ ഭരണകൂടത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയോട് കരുണയുണ്ടാരുന്നില്ലെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ചരിത്രസന്ദര്‍ഭം കൂടിയാണിത്.
നമ്പൂതിരിയും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും സംഭാഷണത്തിലും മുഴച്ചു നിന്നത് ജാതിബോധം തന്നെയായിരുന്നു. മനുഷ്യത്വ വിരുദ്ധതയിലൂന്നിയ നമ്പൂതിരിയുടെ ജാതിബോധവും, ഉയര്‍ന്ന മാനവികതയില്‍ അധിഷ്ഠിതമായ ഗാന്ധിയുടെ സ്വാതന്ത്ര്യ ബോധവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇണ്ടംതുരുത്തി മനയില്‍ നടന്നത്.
ഗാന്ധിജിയുടെ ഇണ്ടംതുരുത്തി മന സന്ദര്‍ശനം. വര: ഒളശ വിനോദ്
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയറിനോട് നമ്പൂതിരിയെയും ഇവിടുത്തെ ജാതി വ്യവസ്ഥ മുറുകെ പുണരുന്ന ജന്മിത്വത്തോടും ഗാന്ധി ഉപമിച്ചപ്പോള്‍, ശങ്കരാചാര്യര്‍ക്കും മാധവാചാര്യര്‍ക്കും നേരെ തിരിച്ചുവിടാനാണ് നമ്പൂതിരി ശ്രമിച്ചത്.
ജനറല്‍ ഡയർ
ഗാന്ധിയും നമ്പൂതിരിയും തമ്മിലുള്ള സംഭാഷണം അതുകൊണ്ടുതന്നെ ഒരേസമയം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഒരു ചരിത്രരേഖ കൂടിയായി നമുക്ക് വായിച്ചെടുക്കാനാകും.
നമ്പ്യാതിരി: ദിവാന്റെ അഭിപ്രായം അറിഞ്ഞാല്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. എന്നാലത് ഞങ്ങളുടെ നന്മ ലക്ഷ്യമിട്ടിട്ടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാത്രമാണ്. ഞങ്ങളുടെ പ്രവര്‍ത്തികള്‍ തെളിവുസഹിതം തെറ്റാണെന്ന് സമര്‍ത്ഥിച്ചാല്‍ താങ്കളുടെ നിര്‍ദേശം ഞങ്ങള്‍ അംഗീകരിക്കാം.
ഗാന്ധിജി: അങ്ങനെയുള്ള ചിന്തയൊന്നും എനിക്കില്ല. നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്റെ കാഴ്ചപ്പാടനുസരിച്ച് നോക്കുമ്പോള്‍ നിങ്ങളുടെ ചിന്തയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതാണ്.
നമ്പ്യാതിരി: നിങ്ങള്‍ ജാതിയുടെ പരിശുദ്ധിയെപ്പറ്റി സംസാരിക്കുന്നു. തീണ്ട ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. അത് നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളോട് പറയുക.
ഗാന്ധിജി: ഇല്ല. അങ്ങനെയല്ല. ഹിന്ദുമതത്തിലെ ഒരു ജനതയ്ക്ക് വേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നതിനാണ് ഞാന്‍ ഇവിടെ എത്തിയത്. പാര്‍ശ്വവത്കൃതരായ ആ ജനതയോട് സത്യാഗ്രഹം അവസാനിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്നതിനാവശ്യമായ ഒരു കാരണവും ഞാന്‍ കാണുന്നില്ല. അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്റെ കാഴ്ചപ്പാടില്‍ ഹിന്ദുമതം ഒരുതരത്തിലുള്ള വേര്‍തിരിവിനെയും അംഗീകരിക്കുന്നില്ല.
നമ്പ്യാതിരി: താങ്കള്‍ പാര്‍ശ്വവത്കൃതര്‍ എന്നൊരു പദം ഉപയോഗിച്ചു. അവര്‍ പാര്‍ശ്വവത്കൃതരാകാന്‍ കാരണമെന്താണ്?
ഗാന്ധിജി: നിങ്ങള്‍ അതിനുള്ള കാരണം അന്വേഷിക്കുന്നു. ജാലിയന്‍വാലാ ബാഗില്‍ ജനറല്‍ ഡയര്‍ എന്ത് കാരണം കൊണ്ടാണോ നിരപരാധികളെ വെടിവെക്കാന്‍ ഉത്തരവ് നല്‍കിയത്, അതേ കാരണം തന്നെ.
നമ്പ്യാതിരി: ശങ്കരാചാര്യരെയും മാധവാചാര്യരെയും താങ്കള്‍ ജനറല്‍ ഡയറിനോട് ഉപമിക്കുകയാണോ?
ശങ്കരാചാര്യരും മാധവാചാര്യരും
ഗാന്ധിജി: 1918ല്‍ പഞ്ചാബില്‍ ഉണ്ടായിരുന്ന ഡയറിനെയാണ് സൂചിപ്പിച്ചത്. നിങ്ങള്‍ ഇന്ന് ഏതു മാനസികാവസ്ഥയോടുകൂടി സംസാരിക്കുന്നു അതേ മാനസികാവസ്ഥ തന്നെയാണ് ജനറല്‍ ഡയറിന് ഉണ്ടായിരുന്നത്. ഇവരെ അടിച്ചമര്‍ത്താനുള്ള കാരണം എന്തെന്ന് നിങ്ങള്‍ ചോദിക്കുന്നു. ജാലിയന്‍വാലാ ബാഗ് നടന്ന അതേ കാരണമോ അല്ലെങ്കില്‍ അതുപോലുള്ള കാരണമോ ആണ്. ഹിന്ദുമത ആശയങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ അധകൃതരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഇതേ മനോഭാവം തന്നെയാണ് അന്ന് അവിടെ കൂടിയ ഭാരതീയരെ അടിച്ചമര്‍ത്തിയ ഡയറിനെയും ഭരിച്ചിരുന്നത്.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല
നമ്പ്യാതിരി: ആരാണ് അങ്ങനെ അടിച്ചമര്‍ത്തിയത്? ഞങ്ങള്‍ അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല.
ഗാന്ധിജി: നിങ്ങള്‍ ചിന്തിച്ചില്ല അതാണ് എന്റെയും അഭിപ്രായം ഹിന്ദുമത ഗ്രന്ഥങ്ങളില്‍ അയിത്തത്തെ കുറിച്ച് പറയുന്നില്ല. അങ്ങനെ പറയുന്ന ആചാര്യന്മാരുമില്ല. അഥവാ അപ്രകാരം ഒരു വേര്‍തിരിവ് ആരെങ്കിലും തുടങ്ങിവെച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് അറിവില്ലായ്മയാണ്. പ്രസ്തുത അറിവില്ലായ്മ ജനറല്‍ ഡയറിന്റെ അറിവില്ലായ്മയ്ക്ക് തുല്യമാണ്.
കാര്യകാരണ ബന്ധമില്ലാത്ത ചില ഗ്രന്ഥങ്ങളെയോ ബ്രാഹ്‌മണങ്ങളെയോ ആധാരമാക്കി നിങ്ങള്‍ അനാചാരങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് ഗാന്ധിജി നമ്പൂതിരിയോട് പറഞ്ഞത്. അയിത്തവും അനാചാരങ്ങളും ഹിന്ദുമതത്തില്‍ ഉള്ളതാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ എന്ന് ഗാന്ധിജി ചോദിക്കുകയും ചെയ്തു.
വര്‍ത്തമാനകാലത്ത് മറ്റു ജനങ്ങള്‍ പിന്തുടരുന്ന നീതിയുടെയും ന്യായത്തിന്റെയും പാത സ്വീകരിക്കാന്‍ തയ്യാറല്ലാത്ത പാരമ്പര്യവാദത്തെ ഗാന്ധിജി ചോദ്യം ചെയ്തപ്പോള്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ ജനിക്കുന്ന അവതാര പുരുഷന്‍മാര്‍ക്ക് മാത്രമേ വിശ്വാസസംഹിതകളെ തിരുത്താന്‍ അവകാശം ഉള്ളൂ എന്നും തിരുത്തല്‍ ആവശ്യമുള്ള ഘട്ടങ്ങളില്‍ അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നുമാണ് നമ്പൂതിരി മറുപടി പറഞ്ഞത്.
ജന്മിത്വത്തേയും കൊളോണിയലിസത്തെയും തിരുത്തിയെഴുതാന്‍ പിന്നീട് നിരവധി മനുഷ്യന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി എന്നത് ചരിത്രമാണ്. നമ്പൂതിരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവതാരങ്ങള്‍.
1919ല്‍ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല കഴിഞ്ഞു ആറ് വര്‍ഷത്തിനുശേഷം 1925ലാണ് ഗാന്ധിയും നമ്പൂതിരിയും തമ്മിലുള്ള സംഭാഷണം നടത്തുന്നത്. കൊളോണിയലിസത്തിന്റെ ക്രൂരമുഖമായ ജനറല്‍ ഡയറെ വെടിവെച്ചു കൊന്ന് ഉദ്ദം സിങ് സാമ്രാജ്യത്വത്തെ തിരുത്തി എഴുതിയത് വീണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940 ലാണ്. സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്താവണമെന്ന് കോടതിമുറിക്കുള്ളിലെ ‘റാം മുഹമ്മദ് സിങ്’ പിന്നീട് പ്രഖ്യാപിക്കുകയുമുണ്ടായി.
ഉദ്ദം സിങ്
ജാലിയന്‍വാലാ ബാഗിന്റെ ചോരപുരണ്ട മണ്ണില്‍ നിന്ന് തന്നെയാണ് ഭഗത് സിങ്ങും സ്വാതന്ത്ര്യ സമര സേനാനിയായി മാറിയത്. ഈ കൂടിക്കാഴ്ചക്ക് ശേഷം ആറ് വര്‍ഷം കഴിഞ്ഞ് 1931ലാണ് ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത്.
ഭഗത് സിങ്
ജാലിയന്‍വാലാ ബാഗ് ഇന്ത്യയിലെമ്പാടുമുള്ള പോരാട്ടത്തിന് ഊക്കും ഉശിരും നല്‍കിയ സംഭവമാണ്. കേരളത്തിലെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയുടെ മനുഷ്യത്വ വിരുദ്ധമായ മുഖം തുറന്നു കാണിക്കാനും ജാലിയന്‍വാലാ ബാഗ് സംഭവം ഉപയോഗപ്പെടുത്തുകയാണ് മഹാത്മാ ഗാന്ധി ചെയ്തത്. കൊളോണിയലിസവും ജന്മിത്വവും ഇന്ത്യയില്‍ നിന്ന് ഒരുപോലെ തുടച്ചു നില്‍ക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാട് ദേശീയ പ്രസ്ഥാനത്തിലേക്ക് ഗാന്ധിജിക്കും ഉണ്ടായിരുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.
1925 മാര്‍ച്ച് 12നാണ് ഗാന്ധിജി ഗുരുവിനെ കാണാനെത്തിയത്. ഒരു നൂറ്റാണ്ടിനിപ്പുറം ജാതി ഹിംസയുടെയും, വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകളുടെയും ഇരുട്ട് പെരുകുന്ന ഇക്കാലത്ത് വെളിച്ചം പകരുന്ന യുഗസംവാദമാണിത്. ഗാന്ധി-ഗുരു സംവാദത്തിന്റെ തൊട്ടു മുമ്പായി നടന്ന ഗാന്ധി-നമ്പൂതിരി കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്നു കേട്ട ജാതി വിരുദ്ധതയും മനുഷ്യത്വ വിരുദ്ധതയും വീണ്ടുമുയര്‍ന്നു പോകുന്ന നവഫാസിത്തിന്റെ കാലമാണിത്.
ഗാന്ധി-ഗുരു കൂടിക്കാഴ്ച – വര: ലിജീഷ് കാക്കൂര്‍
ജനറല്‍ ഡയറിനെ പോലെ പാര്‍ശ്വവത്കൃത സമൂഹത്തെ മനുഷ്യരായി കണക്കാക്കാത്ത പുതിയ ഭരണകൂടമാണ് നവ ഫാസിസത്തിന്റെ ലക്ഷങ്ങളായി ഇന്നത്തെ ഇന്ത്യയില്‍ നമുക്ക് കാണാനാവുക. നമുക്കിടയില്‍ നിന്ന് ഇനിയും ഒഴിഞ്ഞുപോകാത്ത ജാതിബോധത്തിന്റെ പ്രാകൃത ചിന്തകളെ പുറന്തള്ളാനാണ് ഈ സന്ദര്‍ഭത്തില്‍ ജാലിയന്‍വാലാ ബാഗ് കേരളത്തിലെ സാമൂഹ്യ സാഹചര്യവും തമ്മിലുള്ള താരതമ്യത്തെ കുറിച്ചറിയുമ്പോള്‍ നമുക്ക് കഴിയേണ്ടത്.
ചാതുര്‍വര്‍ണ്യം രാഷ്ട്രധര്‍മായി മാറുന്ന ഈ കാലത്ത് ഗാന്ധിക്ക് പോലും ജാതി ബോധ്യങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സഹായിച്ചത് ഈ കൂടിക്കാഴ്ച്ചകളാണ്. സമകാലിക ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രത്തിനെതിരെ പൊരുതുന്നവര്‍ക്ക് ശരിയായി മുന്നോട്ടു പോകാനുള്ള ഒരു പാഠഭാഗം കൂടിയാണിത്.
ഇണ്ടംതുരുത്തി മനയില്‍ നിന്നും ഉയര്‍ന്നു കേട്ട ജാതിമത സങ്കല്പങ്ങളില്‍ നിന്നും വേറിട്ട ഒരു മതനിരപേക്ഷ കാഴ്ചപ്പാട് കേരളം ഉള്‍ക്കൊണ്ടത് എങ്ങനെയാണെന്ന് ഗുരുദര്‍ശനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവും.
മുറ്റത്തെ മാവ് ചൂണ്ടിക്കാട്ടി അതിന്റെ ഇലകളെല്ലാം വ്യത്യസ്തമല്ലേ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഗുരുവിന്റെ ‘ഒരു ജാതി’ എന്ന ആശയത്തോട് ഗാന്ധി വിയോജിച്ചത്. ജാതി പ്രകൃതി സഹജമാണെന്ന ഗാന്ധിജിയുടെ വാദത്തിന്, ഭിന്നരൂപങ്ങള്‍ ആയിരിക്കുമ്പോഴും, ഏതു ഇലകള്‍ രുചിച്ചു നോക്കിയാലും ഒരേ രസമായിരിക്കും എന്ന മറുപടിയാണ് ഗുരു നല്‍കിയത്.
ജാതി നിരാകരണം ഇല്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍ ഗാന്ധിജിക്ക് വ്യക്തമായത് ഈ സന്ദര്‍ഭത്തിലാണ്. അയിത്തമാണ് പ്രശ്‌നമെന്ന പരിമിതമായ നിലപാടില്‍ നിന്ന് ‘ജാതി പോകണം’ എന്ന നിലപാടിലേക്ക് ഗാന്ധിജി പിന്‍കാലത്ത് പരിണമിച്ചെത്തിയതും ഇവിടെ നിന്നാണ്.
വിഭജിച്ചു ഭരിക്കാനുള്ള കുതന്ത്രത്തിനെതിരെ ജാതിമതവ്യത്യാസങ്ങളില്ലാതെ ഒരുമിച്ച അണിനിരന്ന ജനതയെ ബ്രിട്ടീഷ് ഭരണകൂടം വെടിവെച്ചുകൊന്ന ജാലിയന്‍വാലാ ബാഗില്‍ ഒഴുകിപ്പരന്ന് ഒന്നായത് ഇന്ത്യയുടെ രക്തമാണ്. ഗുരു പറഞ്ഞതുപോലെ ഭിന്നരൂപങ്ങള്‍ ആയിരിക്കുമ്പോഴും രക്തത്തിന് ഒരേ നിറമുള്ള മനുഷ്യര്‍.
ജാതിവിവേചനം എന്ന പ്രശ്‌നം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തെളിഞ്ഞുവന്ന ആദ്യ ചരിത്രസന്ദര്‍ഭമാണ് വൈക്കം സത്യാഗ്രഹം. ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ച് പോരാടിയാണ് നാം സ്വാതന്ത്ര്യം നേടേണ്ടത് എന്ന ലക്ഷ്യത്തിലേക്ക് സ്വാതന്ത്ര്യ സമരത്തിന് നിര്‍ണായകമായ ഘട്ടമാണ് ജാലിയന്‍വാലാ ബാഗ്.
ജാലിയന്‍വാലാ ബാഗ് സ്മാരകം
ജന്മിതത്തെയും നാടുവാഴിത്തത്തെയും സാമ്രാജ്യത്തെയും ഇല്ലാതാക്കിയ ഈ ചരിത്രസന്ദര്‍ഭങ്ങള്‍ ചരിത്രം തിരുത്തി എഴുതുന്ന നവ ഫാസിസ കാലത്ത് നാം ആഴത്തില്‍ അറിയേണ്ടതുണ്ട്. ചരിത്രം വെട്ടി മാറ്റുകയും തിരിത്തിയെഴുതുകയും ചെയ്യുന്ന കാലത്ത് ചരിത്ര സന്ദര്‍ഭങ്ങളെ കൂട്ടിയോജിപ്പിക്കുകയും സാമൂഹ്യ പ്രശ്‌നങ്ങളെ ശരിയായി വിലയിരുത്തുന്നതിന് ഉപയോഗപ്പെടുത്തുകയും ചെയ്യാനുവുമ്പോഴാണ് ചരിത്രത്തെ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനവും, സമകാലിക വെല്ലുവിളികളെ നേരിടാനുള്ള ഊര്‍ജമായി നമുക്ക് മാറ്റാനാവുക.
Content Highlight: Rahesh PT writes about Gandhiji’s Indamthuruthi Mana visit and Jallianwala Bagh