national news
യു.പിയില്‍ ഔറംഗസേബിന്റേതെന്ന് കരുതി ബഹാദൂര്‍ ഷാ സഫറിന്റെ ചിത്രത്തില്‍ കരിയൊഴിച്ച് ഹിന്ദുത്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 02:18 am
Monday, 21st April 2025, 7:48 am

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഔറംഗസേബിന്റേതെന്ന് കരുതി മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫറിന്റെ ചുമർചിത്രം വികൃതമാക്കി തീവ്ര ഹിന്ദുത്വവാദികള്‍. ഏപ്രില്‍ 18ന് യു.പിയിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം.

ഹിന്ദു രക്ഷാദളിന്റെ പ്രവര്‍ത്തകരാണ് ബഹദൂര്‍ ഷായുടെ ചിത്രം നശിപ്പിച്ചത്. ചുമർചിത്രത്തില്‍ ഇവര്‍ കറുത്ത പെയിന്റ് തേക്കുകയായിരുന്നു.

‘ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പള്ളികള്‍ നിര്‍മിക്കുകയും നമ്മുടെ സഹോദരിമാരെ കൊല്ലുകയും ചെയ്ത മനുഷ്യന്റെ ചിത്രങ്ങള്‍ എന്തിനാണ് ഇവിടെ. ഇക്കാലത്തെ യുവാക്കള്‍ ഇതൊന്നും സമ്മതിക്കില്ല,’ അതിക്രമത്തിന് പിന്നാലെ ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ് പിങ്കി ചൗധരി പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 16 അടിയോളം വരുന്ന പെയിന്റിങ്ങാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നശിപ്പിച്ചത്.

നിലവില്‍ തിരിച്ചറിയാത്ത ഏതാനും ആളുകള്‍ക്കെതിരെ റെയില്‍വേ സംരക്ഷണ സേന എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 147 (റെയില്‍വേയിലേക്കുള്ള നിയമവിരുദ്ധമായ പ്രവേശനം), സെക്ഷന്‍ 166 (അപകീര്‍ത്തിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍.

‘പൊതുസ്വത്ത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. അക്രമികള്‍ വികൃതമാക്കിയത് ബഹദൂര്‍ ഷായുടെ ചിത്രമാണ്. ഇതൊരു നല്ല നീക്കമായിരുന്നില്ല,’ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രൂപേഷ് രാമന്‍ ത്രിപാഠി പറഞ്ഞു.

ഔറംഗസേബിന്റെ കൊച്ചുമകനും മുഗള്‍ കാലഘട്ടത്തിലെ അവസാന രാജാവുമായിരുന്നു ബഹാദൂര്‍ ഷാ സഫര്‍. ഇദ്ദേഹം മിര്‍സ അബു സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹദൂര്‍ ഷാ സഫര്‍ ബഹാദൂര്‍ ഷാ രണ്ടാമന്‍ എന്നും അറിയപ്പെടുന്നു.

എഴുത്തുകാരന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു സഫര്‍ എന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച മുഗള്‍ രാജാവ് കൂടിയാണ് ബഹാദൂര്‍ ഷാ.

അതേസമയം ഔറംഗസേബിനെ മുന്‍നിര്‍ത്തി തീവ്ര ഹിന്ദുത്വവാദികള്‍ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ബഹദൂര്‍ ഷായുടെ ചിത്രത്തിനെതിരായ അതിക്രമം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വര്‍ വിദ്വേഷ പ്രചരണത്തിന് തുടക്കം കുറിച്ചത്.

Content Highlight: Right-wing workers deface Bahadur Shah Zafar’s mural thinking to be Aurangzeb