national news
ഹിന്ദുക്കൾക്കിടയിൽ ഐക്യം വളർത്താൻ 'ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം' വേണം: മോഹൻ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 02:13 am
Monday, 21st April 2025, 7:43 am

ലഖ്‌നൗ: സാമൂഹിക ഐക്യത്തിനും രാഷ്ട്രനിർമാണത്തിനും വേണ്ടി ‘പഞ്ച് പരിവർത്തനം’ (അഞ്ച് മാറ്റങ്ങൾ) നടത്തണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കൾക്കിടയിൽ സാമൂഹിക ഐക്യം ഉണ്ടാകണമെങ്കിൽ ‘ഒരു കിണർ, ഒരു ക്ഷേത്രം, ഒരു ശ്മശാനം’ എന്നീ തത്വങ്ങൾ നടപ്പിലാക്കണമെന്ന് മോഹൻ ഭാഗവത് ശക്തമായി വാദിച്ചു.

അഞ്ച് ദിവസത്തെ അലിഗഡ് സന്ദർശനത്തിനെത്തിയ ഭാഗവത് പട്ടണത്തിലെ ആർ.എസ്.എസ് പ്രവർത്തകരുടെ ‘ശാഖ’ ഗ്രൂപ്പുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

”ഒരു കിണർ, ഒരു ക്ഷേത്രം, ഒരു ശ്മശാനം എന്ന തത്വം പിന്തുടരുമ്പോൾ മാത്രമേ സാമൂഹിക ഐക്യം യാഥാർത്ഥ്യമാകൂ. അത് വ്യത്യാസങ്ങളും വിവേചനങ്ങളും ഇല്ലാതാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഐക്യം വളർത്താനും സഹായിക്കും,’ അദ്ദേഹം ആർ.എസ്.എസ് പ്രവർത്തകരോട് പറഞ്ഞു.

സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ, കുടുംബ മാനേജ്മെന്റ്, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, സ്വയം അവബോധം, പൗര കടമകൾ എന്നിവ ഉൾപ്പെടുന്ന അഞ്ച് മാറ്റങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഭഗവത് കൂട്ടിച്ചേർത്തു. ശതാബ്ദി വർഷത്തിൽ ആർ‌.എസ്‌.എസ് ഈ വിഷയങ്ങൾ ഒരു സാമൂഹിക പ്രചാരണമായി ഏറ്റെടുത്തിട്ടുണ്ടെന്നും വലിയ തോതിൽ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു.

ആദർശ ഹിന്ദു കുടുംബം എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനായി കോളേജുകളിൽ സെമിനാറുകൾ സംഘടിപ്പിക്കാനും സ്ത്രീകളുടെ യോഗങ്ങൾ നടത്താനും ‘മാതാ-പിതാ പൂജൻ’ (മാതാപിതാക്കളെ ആരാധിക്കൽ) പോലുള്ള പരിപാടികൾ സംഘടിപ്പിക്കാനും ആർ‌.എസ്‌.എസ് പദ്ധതിയിട്ടിട്ടുണ്ടെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

 

Content Highlight: RSS chief calls for ‘one temple, one well, and one cremation ground’ among Hindus to foster unity