Advertisement
IPL
സഞ്ജുവിനെ ജയ്പൂരും തുണച്ചില്ല; വീണ്ടും തോറ്റു, എതിരാളികളുടെ തട്ടകത്തില്‍ മാത്രം ജയിച്ച് ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 13, 01:42 pm
Sunday, 13th April 2025, 7:12 pm

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. ഇതോടെ ജയ്പൂരിലെ ആദ്യ മത്സരത്തിലും സഞ്ജുവിനും സംഘത്തിനും തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു.

സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നാലാം വിജയമാണിത്. ഹോം ഗ്രൗണ്ടില്‍ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ എതിരാളികളുടെ മണ്ണിലെത്തി നാല് മത്സരത്തിലും പ്ലേ ബോള്‍ഡ് ആര്‍മി വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

പതിഞ്ഞ തുടക്കമാണ് എസ്.എം.എസ്സില്‍ രാജസ്ഥാന് ലഭിച്ചത്. ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ ഹോം ടീമിന് ക്യാപ്റ്റനെ നഷ്ടമായി. ടീം സ്‌കോര്‍ 49ല്‍ നില്‍ക്കവെയായിരുന്നു സഞ്ജുവിന്റെ മടക്കം. 19 പന്തില്‍ 15 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

ഭുവനേശ്വര്‍ കുമാറിന്റെയും യാഷ് ദയാലിന്റെയും ജോഷ് ഹെയ്സല്‍വുഡിന്റെയും പേസിനെ അതിജീവിച്ച താരം ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നിന് മുമ്പില്‍ പരാജയപ്പെട്ടു. പാണ്ഡ്യയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതിര്‍ത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും ജിതേഷ് ശര്‍മ താരത്തെ സ്റ്റംപ് ചെയ്ത് മടക്കുകയുമായിരുന്നു.

വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗ് ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ നൂറ് കടത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രാജസ്ഥാന്റെ യുവതാരങ്ങള്‍ ചെറുത്തുനിന്നത്.

ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ റിയാന്‍ പരാഗിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. യാഷ് ദയാലിന്റെ പന്തില്‍ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 22 പന്തില്‍ 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അധികം വൈകാതെ ജെയ്‌സ്വാളും തിരിച്ചുനടന്നു. സീസണിലെ മികച്ച സ്‌കോറുമായാണ് ജെയ്‌സ്വാള്‍ രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്. 47 പന്ത് നേരിട്ട് 75 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 159.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

നാലാം നമ്പറിലെത്തിയ ധ്രുവ് ജുറെല്‍ 23 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് രാജസ്ഥാന്‍ 173ലെത്തി.

ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ വിക്കറ്റില്‍ തന്നെ തകര്‍ത്തടിച്ചു. ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഇംപാക്ട് പ്ലെയറായെത്തിയ കുമാര്‍ കാര്‍ത്തികേയയാണ് ബെംഗളൂരുവിന്റെ ഏക വിക്കറ്റ് നേടിയത്. 33 പന്തില്‍ 65 റണ്‍സുമായാണ് സാള്‍ട്ട് പുറത്തായത്.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കിലിനെ ഒപ്പം കൂട്ടി വിരാട് കോഹ്‌ലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഏഴ് വിവിധ ബൗളര്‍മാരെപരീക്ഷിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിന് ഭീഷണിയുയര്‍ത്താന്‍ സഞ്ജുവിനും സംഘത്തിനുമായില്ല.

കരിയറിലെ നൂറാം ടി-20 ഫിഫ്റ്റിയുമായാണ് വിരാട് കോഹ്‌ലി തിളങ്ങിയത്. വിരാട് 45 പന്തില്‍ 62 റണ്‍സും പടിക്കല്‍ 28 പന്തില്‍ 40 റണ്‍സുമായും പുറത്താകാതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.

 

Content Highlight: IPL 2025: Royal Challengers Bengaluru defeats Rajasthan Royals