Advertisement
IPL
നേടിയത് 45 പന്തില്‍ 62*; ചരിത്രത്തില്‍ ഇങ്ങനെയൊരു സെഞ്ച്വറി രണ്ടാം തവണ മാത്രം! അജയ്യനായി കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 13, 02:15 pm
Sunday, 13th April 2025, 7:45 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അനായാസ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയകത്.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ബെംഗളൂരു വിജയിച്ചുകയറിയത്.

ആറ് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പടെ സാള്‍ട്ട് 33 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്.

ടി-20 ഫോര്‍മാറ്റില്‍ ഇത് നൂറാം തവണയാണ് വിരാടിന്റെ ബാറ്റ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം താരമാണ് വിരാട്.

108 തവണ ടി-20 മത്സരങ്ങളില്‍ നിന്നും ഫിഫ്റ്റിയടിച്ച ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഈ റെക്കോഡില്‍ ഒന്നാമതുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – അര്‍ധ സെഞ്ച്വറികള്‍ എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – 108

വിരാട് കോഹ്‌ലി – 100*

ബാബര്‍ അസം – 90

ക്രിസ് ഗെയ്ല്‍ – 88

ജോസ് ബട്‌ലര്‍ – 86

ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഏറ്റവുമധികം 50+ സ്‌കേീര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഡേവിഡ് വാര്‍ണറിനൊപ്പം ഒന്നാം സ്ഥാനത്തെത്തിയാണ് വിരാട് തിളങ്ങിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം 50+ സ്‌കോര്‍

(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – 66

വിരാട് കോഹ്‌ലി – 66*

ശിഖര്‍ ധവാന്‍ – 53

രോഹിത് ശര്‍മ – 45

എ.ബി. ഡി വില്ലേഴ്‌സ് – 43

കെ.എല്‍. രാഹുല്‍ – 43

അതേസമയം, ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 18നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. സീസണില്‍ ഇതുവരെ ബെംഗളൂരുവില്‍ ജയിക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും പരാജയമായിരുന്നു ഫലം. ഈ ചീത്തപ്പേര് തിരുത്തുക എന്ന ലക്ഷ്യവും പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുമ്പിലുണ്ടാകും.

Content Highlight: IPL 2025: Virat Kohli completes 100 half centauries in T20 cricket