Entertainment
'ഒരു ഇംഗ്ലീഷ് സിനിമ പോലെ, വേള്‍ഡ് ക്ലാസ് ഫിലിം'; എമ്പുരാനെ കുറിച്ച് പ്രണവും സുചിത്രയും മറ്റു താരങ്ങളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 27, 05:12 am
Thursday, 27th March 2025, 10:42 am

2019ല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ എത്തിയ ചിത്രമാണ് ലൂസിഫര്‍. മലയാളികള്‍ കഴിഞ്ഞ ആറ് വര്‍ഷം കാത്തിരുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് എമ്പുരാന്‍ റിലീസിന് എത്തിയത്. വന്‍ ഹൈപ്പില്‍ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ എങ്ങും പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്.

നിരവധി സിനിമാതാരങ്ങളാണ് എമ്പുരാന്റെ ആദ്യ ഷോ കാണാന്‍ വേണ്ടി വിവിധ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പടം സൂപ്പറാണെന്നാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

എമ്പുരാന്‍ ഒരുപാട് ഇഷ്ടമായെന്നും നല്ല പടമാണെന്നും പറഞ്ഞ സുചിത്ര മോഹന്‍ലാല്‍ ‘ഒരു ഇംഗ്ലീഷ് സിനിമ പോലെ’ എന്നാണ് എമ്പുരാനെ വിശേഷിപ്പിച്ചത്. മുരളി ഗോപി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ മലയാള സിനിമാതാരങ്ങള്‍ക്ക് പുറമെ നിരവധി ഭാഷകളില്‍ നിന്നുള്ളവരും അഭിനയിച്ചിട്ടുണ്ട്.

എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. ആളുകള്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം പറയുന്നു.

‘എമ്പുരാന്‍ അടിപൊളി. നിങ്ങളൊക്കെ എക്‌സ്‌പെക്റ്റ് ചെയ്യുന്ന സാധനം തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ല. ലൂസിഫറാണോ എമ്പുരാനാണോ ഇഷ്ടമായതെന്ന് ചോദിച്ചാല്‍ എമ്പുരാന്‍.

ലൂസിഫറിനേക്കാള്‍ ഒരുപടി മുന്നിലാണ് എമ്പുരാന്‍ നില്‍ക്കുന്നത്. ലൂസിഫര്‍ വ്യത്യസ്തമാണ്. എമ്പുരാന്‍ വേറെ തന്നെയാണ്. മുഴുവന്‍ ലോകം കറക്കിയിട്ടുള്ള സിനിമയാണ്. ഒരു വേള്‍ഡ് ക്ലാസ് ഫിലിം. സിനിമ കണ്ട് ഞാന്‍ ഹാപ്പിയാണ്,’ മേജര്‍ രവി പറയുന്നു.

Content Highlight: Empuraan First Response Of Suchithra And Pranav Mohanlal