Entertainment
ആഹാ, മമ്മൂട്ടിയും കമല്‍ ഹാസനുമുണ്ടല്ലോ, കലക്കന്‍ ടീസറുമായി തുടരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 06:00 am
Saturday, 12th April 2025, 11:30 am

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മുഖചിത്രം എന്ന പഴയകാല സിനിമയിലെ ‘ചെമ്പരുന്തിന്‍ ചേലുണ്ടേ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും കമല്‍ ഹാസനുമൊക്കെ നില്‍ക്കുന്ന ഫോട്ടോയും കാണിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ട്രെയ്‌ലറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഈ താടി ഇവിടെയിരുന്നാല്‍ ആര്‍ക്കാടാ പ്രശ്‌നം’ എന്ന സീനിന്റെ ചെറിയൊരു ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കോമ്പോയുടെ കെമിസ്ട്രിയാണ് ടീസറിന്റെ ഭംഗി. ട്രെയ്‌ലറിലെ ഹിറ്റ് ഡയലോഗിനെ നല്ലൊരു ബി.ജി.എമ്മിന്റെ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സാധാരണ കുടുംബനാഥന്റെ വേഷത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്. ടാക്‌സി ഡ്രൈവറായ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖന്റെ ഭാര്യയായ ലളിതയായാണ് ശോഭന വേഷമിടുന്നത്. ഫാമിലി സബ്ജക്ടിനൊപ്പം സീരിയസായിട്ടുള്ള മറ്റൊരു കഥയും സിനിമ പറയുന്നുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന.

മോഹന്‍ലാലിനും ശോഭനക്കും പുറമെ മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, തോമസ് മാത്യു, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിലുണ്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. അന്തരിച്ച നിഷാദ് യൂസഫായിരുന്നു സിനിമയുടെ എഡിറ്റര്‍. പിന്നീട് ഷഫീക് വി.ബി ചിത്രത്തിന്റെ എഡിറ്റിങ് ഏറ്റെടുക്കുകയായിരുന്നു.

ഡിസംബറില്‍ എത്തുമെന്ന് കരുതിയ ചിത്രം പിന്നീട് ജനുവരി റിലീസായി വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ ജനുവരി റിലീസില്‍ നിന്ന് പിന്മാറുകയായിരുന്നു. മെയ് ഒന്നിന് റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും റിലീസ് തിയതി മാറ്റി. ഏപ്രില്‍ 25 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്.

Content Highlight: Thudarum movie Arrival teaser out now