എമ്പുരാന്‍ റിലീസിന് പിന്നാലെ പൃഥ്വിരാജിന്റേയും ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവരുടെയും ഓഫീസുകളില്‍ ഇ.ഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ അജു വര്‍ഗീസ്.
പടക്കുതിര എന്ന ചിത്രവുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിലപാട് പറയുന്നവരെ വേട്ടയാടുന്ന ഇ.ഡി നടപടിയെ കുറിച്ചുള്ള ചോദ്യം വന്നത്.
സിനിമയുടെ പേരിലാണോ ഇ.ഡിയുടെ നടപടിയെന്ന് തനിക്ക് പൂര്‍ണമായി അറിയില്ലെന്നായിരുന്നു ചോദ്യത്തിന് അജു വര്‍ഗീസ് നല്‍കിയ മറുപടി.
നമ്മളെയൊക്കെ റൂള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്നും ഇന്ന വ്യക്തി, ഇന്ന പൊളിറ്റിക്കല്‍ പാര്‍ട്ടി ഇതിനെയെല്ലാം മാറ്റി നിര്‍ത്തിയാലും ഇതിന്റെയൊക്കെ മുകളില്‍ കുറേപ്പേരുടെയൊക്കെ തീരുമാനങ്ങളാണ് നമ്മുടെയൊക്കെ ലൈഫ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അജു പറഞ്ഞു.
ഒരു സാധാരണ മനുഷ്യന് കിട്ടുന്ന അതേ പരിഗണന മാത്രമേ ഇവിടുത്തെ സിനിമാക്കാര്‍ക്കും ലഭിക്കുകയുള്ളൂവെന്നും സ്‌ക്രീനിലെ പവര്‍ഫുള്‍ ക്യാരക്ടേഴ്‌സ് അവതരിപ്പിക്കുന്നത് ഒഴിവാക്കി നിര്‍ത്തിയാല്‍ ഒരു കോമണ്‍ മനുഷ്യന് സമമാണ് അഭിനേതാക്കളെന്നും അജു പറയുന്നു.
‘ ഇ.ഡി നടപടി സിനിമ കൊണ്ടാണെന്നുള്ളത് പൂര്‍ണമായിട്ടും നമുക്കറിയില്ല. കരക്കമ്പികള്‍ ആണ്. അത് ഓതെന്റിക് അല്ല. ഇ.ഡി നേരത്തെ പ്ലാന്‍ ചെയ്തതാണോ എന്നൊന്നും നമുക്ക് അറിയില്ലല്ലോ.
അതൊരു വലിയ എസ്റ്റാബ്ലിഷ്‌മെന്റാണ്. നമ്മുടെ നാടിന്റെ പ്രൊട്ടക്ഷന് വേണ്ടിയൊക്കെയുള്ള ഒന്ന്. ഒന്നാമത് അതിനെ കുറിച്ച് ധാരണയില്ല. ഇതുകൊണ്ടാണോ എന്ന ക്ലാരിറ്റി ഇല്ലാത്തതുകൊണ്ടാണ് പറയുന്നത്.
പിന്നെ സത്യസന്ധമായി പറഞ്ഞാല്‍ ഇങ്ങനെയുള്ള ചുറ്റുപാടുകള്‍ അത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. എപ്പോഴും ഒരു സിസ്റ്റത്തിലേക്ക് ഒരു കാര്യങ്ങളോ ബബിള്‍സോ ഫോം ആകുന്നതും ഫ്രിക്ഷന്‍സ് വരുന്നതുമൊക്കെ സിസ്റ്റത്തിന്റെ സ്മൂത്ത് കംഫര്‍ട്ട് സോണ്‍ മാറുമ്പോഴാണ്.
നമ്മളെയൊക്കെ റൂള്‍ ചെയ്യുന്ന കാര്യങ്ങളുണ്ട്. ഇന്ന വ്യക്തി, ഇന്ന പൊളിറ്റിക്കല്‍ പാര്‍ട്ടി ഇതിനെയെല്ലാം മാറ്റി നിര്‍ത്തിയാലും ഇതിന്റെയൊക്കെ മുകളില്‍ കുറേപ്പേരുടെയൊക്കെ തീരുമാനങ്ങളാണ് നമ്മുടെയൊക്കെ ലൈഫ്.
എനിക്ക് ഇങ്ങനെ കേരളത്തിലോ ഇന്ത്യയിലോ ജീവിക്കണമെന്ന് തീരുമാനിച്ചാലും ഞാന്‍ ഫോളോ ചെയ്യേണ്ട കുറേ ഗൈഡ് ലൈന്‍സ് ഉണ്ട്. അതില്‍ എനിക്ക് ഇളവൊന്നും ഇല്ല.
നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ഈ പേരുകള്‍ക്കും ഇല്ല. ഒരു സ്‌ക്രീനിലെ പവര്‍ഫുള്‍ ക്യാരക്ടേഴ്‌സ് അവതരിപ്പിക്കുന്നത് ഒഴിവാക്കി നിര്‍ത്തിയാല്‍ ഒരു കോമണ്‍ മനുഷ്യന് സമമാണ് അഭിനേതാക്കള്‍. ഇവിടെ ഒരു പൊളിറ്റിക്കല്‍ പവര്‍ സിസ്റ്റം ഉണ്ട്. അവരാണ് മോസ്റ്റ് പവര്‍ഫുള്‍. അത് നമ്മള്‍ മനസിലാക്കിയേ പറ്റൂ,’ അജു വര്‍ഗീസ് പറഞ്ഞു.
അതിന് മുകളില്‍ ഒന്നും തുറന്നുപറയാന്‍ പാടില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് പറയാമെന്നും അത് ഓരോരുത്തരുടേയും വിഷയമാണെന്നുമായിരുന്നു അജുവിന്റെ മറുപടി.
അത് എങ്ങനെ റിസീവ് ചെയ്യപ്പെടുന്നു എന്നതിലാണ് കാര്യം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജഗദീഷേട്ടന്‍ പറഞ്ഞത് എനിക്ക് കണക്ടായി. ഇതിനെ ആളിക്കത്തിക്കാനുള്ള ശ്രമമാണോ അതോ അണയ്ക്കാനുള്ള ശ്രമമാണോ വേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ രണ്ടാമത്തേതാണ് വേണ്ടതെന്ന് പറയും,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Actor Aju Varghese about Empuraan movie and ED raid