2023 ഐ.സി.സി ലോകകപ്പ് അവസാനഘട്ടത്തില്‍; ഇനി ആവേശപ്പൂരം
2023 ICC WORLD CUP
2023 ഐ.സി.സി ലോകകപ്പ് അവസാനഘട്ടത്തില്‍; ഇനി ആവേശപ്പൂരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th November 2023, 4:44 pm

ഏറെ ആവേശത്തോടെ കാത്തിരുന്ന ലോകകപ്പ് സെമി ഫൈനല്‍ നടക്കാനിരിക്കുകയാണ്.
കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ച രോഹിത് ശര്‍മയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടങ്ങളുടെ അവസാനത്തോടെ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ആദ്യ നാലില്‍ ഇടം നേടിയത്.

ആദ്യ സെമി ഫൈനലില്‍ മത്സരം നവംബര്‍ 15ന് ഇന്ത്യയും ന്യൂസിലാന്‍ഡുമായാണ്. മുംബൈ വാംഖഡെയില്‍ നടക്കുന്ന മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തുടങ്ങുന്നത്. 2019 ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടിയത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അന്ന് ഇന്ത്യക്ക് കിവീസിനോട് 18 റണ്‍സിന്റ തോല്‍വി വഴങ്ങുകയായിരുന്നു.

2019ലെ കണക്കുകള്‍ തീര്‍ക്കാന്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നത് ഉറപ്പാണ്. കഴിഞ്ഞ 20 വര്‍ഷമായി കിവീസിനെതിരെ വിജയിക്കാനായില്ലെന്ന പേര് 2023 ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ തിരുത്തിക്കുറിച്ചിരുന്നു.

നവംബര്‍ 16ന് സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമായാണ് രണ്ടാം സെമി ഫൈനല്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് മണിക്കാണ് മത്സരം. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തീപാറുമെന്നത് ഉറപ്പ്. ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് ഒസ്‌ട്രേലിയ ആദ്യ നാലില്‍ ഇടം നേടിയത്. തോല്‍വിയുടെ വക്കില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു ഓസീസിന് തുണയായത്. 128 പന്തില്‍ നിന്ന് മാക്‌സി പുറത്താവാതെ 201 റണ്‍സ് അടിച്ചെടുത്താണ് മത്സരം ഫിനിഷ് ചെയ്തത്.

എന്നാല്‍ സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യയോടും നെതര്‍ലന്‍ഡ്‌സിനോടും മാത്രമാണ് പ്രോട്ടിയാസ് തോല്‍വി വഴങ്ങിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.

2023 ലോകകപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറുന്നത് നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത് ആരാകുമെന്ന ആകാംക്ഷയിലാണ്.

 

Content Highlight: World Cup Semi-final Battles And Preparations