ആര്‍ത്തവകാലത്ത് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്നത് സമാനതകളില്ലാത്ത ദുരിത ജീവിതം
Daily News
ആര്‍ത്തവകാലത്ത് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്നത് സമാനതകളില്ലാത്ത ദുരിത ജീവിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2015, 10:51 am

Munnar-003മൂന്നാറില്‍ നിന്നും നസിറുദ്ദീന്‍ ചേന്നമംഗലൂര്‍

മൂന്നാര്‍: മൂന്നാറിലെ തേയിലത്തോട്ടത്തില്‍ അടിമ ജീവിതത്തിന് ഇരയാക്കപ്പെടുന്ന തൊഴിലാളികളില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകള്‍. ആര്‍ത്തവ സമയത്ത് പോലും തൊഴിലിടങ്ങളില്‍ കടുത്ത പീഡനങ്ങള്‍ക്കാണ് വനിതാ തൊഴിലാളികള്‍ ഇരയാക്കപ്പെടുന്നത്.

കൗമാര കാലഘട്ടത്തില്‍ തന്നെ തൊഴിലിടങ്ങളിലെത്തപ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് വസ്ത്രം മാറാന്‍ പോലും മാനേജ്‌മെന്റ് അനുവദിക്കില്ല. ” തൊഴിലെടുത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും ആര്‍ത്തവമുണ്ടാവുക. എന്നാല്‍ ഇത്തരം സമയങ്ങളില്‍ ആര്‍ത്തവ രക്തം കഴുകാനോ തുണി മാറാനോ പോലും തങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല. വസ്ത്രം മാറാനായി പോയാല്‍ അന്ന് ശമ്പളമില്ലാത്ത അവധിയായി കണക്കാക്കും. കൂലി നിഷേധിക്കും.”

“തുണി മാറാന്‍ പോലും സമയം ലഭിക്കാത്തതിനാല്‍ തോട്ടത്തില്‍വെച്ച് തന്നെ ശുദ്ധീകരണം നടത്തേണ്ടി വരുന്നു. അല്ലെങ്കില്‍ രക്തവും ശാരീരിക പ്രശ്‌നങ്ങളുമായി ജോലി ചെയ്യേണ്ടിവരുന്നു.” പേരുപറയരുതെന്ന നിബന്ധനയോടെ സമരത്തിനെത്തിയ ഒരു സ്ത്രീ തൊഴിലാളി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലും സ്ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ ചൂഷണവും മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ലെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. തൊഴില്‍ സമയത്ത് ആര്‍ത്തവമോ മറ്റ് അസുഖങ്ങളോ ഉണ്ടാവുകയാണെങ്കില്‍ തൊഴിലാളിക്ക് ശമ്പളത്തോടുകൂടി അവധി അനുവദിക്കുകയായിരുന്നു ബ്രീട്ടീഷുകാരുടെ രീതിയെന്ന് പഴയ കാല തൊഴിലാളികള്‍ ഓര്‍ക്കുന്നു.

ഇത്തരം സാഹചര്യങ്ങള്‍ മറ്റൊരു തൊഴിലാളിയെ സഹായിയായി വിടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഈ മര്യാദ പോലും ഇപ്പോഴത്തെ മാനേജ്‌മെന്റ് കാണിക്കുന്നില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

ഇതിന് പുറമെയാണ് തൊഴില്‍ ചൂഷണത്തിന്റെയും ദാരിദ്ര്യത്തിന്റെയും എല്ലാ ബാധ്യതകളും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യം. പുരുഷ തൊഴിലാളികളെ വശത്താക്കിയും മദ്യം നല്‍കിയും യൂണിയന്‍ നേതാക്കളുടെ സില്‍ബന്ധികളാക്കിയുമാണ് മാനേജ്‌മെന്റ് നിഷ്‌ക്രിയരാക്കിയത്.

പുരുഷന്‍മാര്‍ക്ക് തങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെടുന്നുവെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ വന്നപ്പോഴാണ് തങ്ങള്‍ക്ക് അതിജീവനത്തിനായി അന്തിമ സമരത്തിനിറങ്ങേണ്ടിവന്നതെന്ന് വനിതാ തൊഴിലാളികള്‍ പറയുന്നു.

തൊഴിലാളികളുടെ വീട്ടിലെ ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റുമെല്ലാം വനിതകള്‍ ചെയ്യേണ്ട സ്ഥിതിയാണ്. തോട്ടത്തില്‍ കടുത്ത തൊഴില്‍ ചൂഷണത്തിനിരയാക്കപ്പെടുന്നതിനൊപ്പം വീട്ടിലും ഭാരിച്ച ജോലികള്‍ ഇവരുടെ ചുമതലയില്‍ വരുന്നു. പുരുഷ തൊഴിലാളികളെപ്പോലും തൊഴില്‍ ചൂഷണത്തിനെതിരെ പ്രബുദ്ധരാക്കുന്ന തരത്തിലാണ് വനിതാ തൊഴിലാളികള്‍ രംഗത്തെത്തിയത്.

പതിവിന് വിപരീതമായി വനിതാ തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ മൂന്നാറില്‍ പുരുഷന്മാര്‍ ചുറ്റിലും നോക്കിനില്‍ക്കുന്ന കാഴ്ച നല്‍കുന്ന രാഷ്ട്രീയ സന്ദേശവും സ്ത്രീ തൊഴിലാളികളുടെ ഈ തിരിച്ചറിവാണ് വ്യക്തമാക്കുന്നത്.