തിരുവനന്തപുരം: വനിതാ ഓഫീസര്‍മാര്‍ ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. ഒരു വനിത എസ്.ഐയെ ഡി.ഐ.ജി ദുരുപയോഗം ചെയ്തത് തനിക്കറിയാമെന്നും അവര്‍ പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു ശ്രീലേഖയുടെ പ്രതികണം.
‘ഒരു വനിത എസ്.ഐ ഓടിവന്ന് എന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്, ഡി.ഐ.ജി പൊലീസ് ക്ലബ്ബില്‍ വന്ന് എന്നെ വിളപ്പിക്കുന്നു മാം, മാഡം ഒന്ന് എന്നെ രക്ഷിക്കണേ എന്ന്.
ഒരു ഡി.ഐ.ജി വന്നുകഴിഞ്ഞാല്‍ ഉദ്യോഗസ്ഥയെ വിളിപ്പിക്കും. അവരെ മുമ്പ് വിളിപ്പിച്ചിട്ടുണ്ട് എന്ന് ആ എസ്.ഐ എന്നോട് പറഞ്ഞു. അവര്‍ സ്ത്രീ അല്ലാത്ത ഏത് പുരഷ മേധാവിയോട് ഇത് പറയും. പറയാന്‍ പറ്റില്ലല്ലോ. എന്നോടായതുകൊണ്ട് പറയാന്‍ കഴിഞ്ഞു,’ ശ്രീലേഖ വ്യക്തമാക്കി.
സ്ത്രീ എന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് പൊലീസില്‍ നിന്ന് നേരിട്ടതെന്ന് ശ്രീലേഖ പറഞ്ഞു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ഐ.പി.എസില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നു. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു. രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം.
ഡി.ജി.പി ഉള്‍പ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം. വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നു. വനിതാ എസ്.ഐയ്‌ക്കെതിരെ ഒരു ഡി.ഐ.ജിയുടെ അതിക്രമം നേരിട്ടറിയാം,’ ആര്‍. ശ്രീലേഖ പറഞ്ഞു.
ആലുവ ജയിലില്‍ ദിലീപിനെ സഹായിച്ചു എന്ന ആരോപണത്തിനും ശ്രീലേഖ മറുപടി പറഞ്ഞു. ആലുവ ജയിലില്‍ ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണനവെച്ച് മാത്രമാണ്. ജയില്‍ ഡി.ജി.പി എന്ന നിലയില്‍ നല്‍കിയത് റിമാന്‍ഡ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമെന്നും ശ്രീലേഖ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ആര്‍. ശ്രീലേഖ.
മുന്‍ ഗതാഗത കമ്മീഷണറും കേരള ജയില്‍ ഡി.ജി.പിയും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവുമായ കുറ്റാന്വേഷക കൂടിയാണ് അവര്‍.