Advertisement
Kerala News
ഉണ്ടായത് ആക്‌സിഡന്റ്; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം; വിശദീകരണവുമായി എസ്.എഫ്.ഐ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 21, 05:11 pm
Tuesday, 21st February 2023, 10:41 pm

ആലപ്പുഴ: ഹരിപ്പാട് ഡി.വൈ.എഫ്.ഐ ഭാരവാഹിയായ സുഹൃത്ത് ആക്രമിച്ചെന്ന വാര്‍ത്ത
വാസ്തവ വിരുദ്ധമാണെന്ന് എസ്.എഫ്.ഐ വനിതാ നേതാവ് ചിന്നു. കഴിഞ്ഞ ദിവസം നടന്നത് അപകടം മാത്രമായിരുന്നുവെന്നും ചിന്നു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്കുവേണ്ടി എസ്.എഫ്.ഐയേയും ഡി.വൈ.എഫ്ഐയേയും ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ചിന്നു പറയുന്നു.

‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്‌സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്.

അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ എസ്.എഫ്.ഐയേയും ഡി.വൈ.എഫ്.ഐയേയും സി.പി.ഐ.എമ്മിനെയും ബോധപുര്‍വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാത്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.

ഇത്തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല. എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ, ഞാന്‍ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്,’ ചിന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, ഹരിപ്പാട്ടെ ഡി.വൈ.എഫ്.ഐ നേതാവായ അമ്പാടി ഉണ്ണി എന്ന വ്യക്തി
എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് കൂടിയായ ചിന്നുവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. തലക്കും ശരീരത്തിനും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.