ലണ്ടന്‍: കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് അന്ധതയുടെ പ്രധാന കാരണം. രോഗങ്ങള്‍ തിരിച്ചറിയാനാവാത്തതും പ്രശ്‌നമാണ്. എന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഈ സാഹചര്യം മാറ്റും.
ബ്രിട്ടീഷ് ഒഫ്താല്‍മോളജിസ്റ്റാണ് പോര്‍ട്ടബിള്‍ ഐ എക്‌സാമിനേഷന്‍ കിറ്റ് (പീക്)എന്ന ഈ ആപ്പിനു രൂപം നല്‍കിയത്.
3ഡി പ്രിന്റഡ് അഡാപ്റ്ററുള്ള സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് പീക് നേത്ര പരിശോധന നടത്തുന്നത്.
കെനിയയിലെ 223 ഓളം ആളുകളില്‍ ഇതുസംബന്ധിച്ച് പരീക്ഷണം നടത്തി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനും ട്രോപ്പിക്കല്‍ മെഡിസിനുമാണ് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവരുടെ പരീക്ഷണത്തില്‍ നേതൃരോഗ വിദഗ്ധര്‍ പണ്ട് കാലത്ത് ഉപയോഗിച്ച ഐ ചാര്‍ട്ടിനോളം ഗുണകരമാണ് ഈ ആപ്പെന്നു കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.
“സേവനങ്ങള്‍ ലഭ്യമല്ലാത്തതാണ് മിക്ക ആളുകള്‍ക്കും നേത്ര ചികിത്സ തേടാന്‍ തടസമായി നില്‍ക്കുന്നത്. മിക്കപ്പോഴും ചികിത്സാ കേന്ദ്രങ്ങള്‍ വളരെ അകലെയായിരിക്കും. അല്ലെങ്കില്‍ ചിലവുകൂടിയതായിരിക്കും.” പ്രോജക്ട് ലീഡര്‍ അന്‍ഡ്ര്യൂ ബാസ്റ്റാറസ് പറയുന്നു.
“ആളുകള്‍ അന്ധരാവുന്നതിനു മുമ്പ് രോഗം കണ്ടെത്താനായാല്‍ അവരില്‍ ബോധവത്കരണം നടത്താനും യോജിച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചെന്നുവരും.” അദ്ദേഹം വ്യക്തമാക്കി.
അക്ഷരങ്ങളുള്ള ചാര്‍ട്ടിനുപകരം ഇളകിക്കൊണ്ടിരിക്കുന്ന അക്ഷരങ്ങളാണ് ഈ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ തെളിയിക്കുക. കൂടാതെ ക്യാമറ ഫ്‌ളാഷും ഓട്ടോ ഫോക്കസ് ഫങ്ഷനും ഉപയോഗിച്ച് റെറ്റിനയുടെ തകരാര്‍ കണ്ടെത്താന്‍ നേതൃരോഗവിദഗ്ധരെ സഹായിക്കും.
ജമ ഒഫ്താല്‍മോളജിയിലാണ് ഇതുസംബന്ധിച്ച പഠനത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.