തിരുവനന്തപുരം: അനധികൃതമായി സ്വത്തുണ്ടെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സംരക്ഷിക്കില്ലെന്ന് പെതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്.
ഏത് മുന്നണി ഭരിക്കുമ്പോഴും സൂരജ് ഉയര്‍ന്ന പദവിയില്‍ ഇരുന്നിട്ടുണ്ടെന്നും സൂരജ് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
“സൂരജിന്റെ വീട്ടിലെ റെയ്ഡ് ഞാന്‍ അറിഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി പോലും റെയ്ഡ് അറിഞ്ഞിട്ടില്ല പിന്നെ ഞാന്‍ എങ്ങനെ അറിയും.” ഇബ്രാഹിം കുഞ്ഞ് ചോദിച്ചു.
അതേസമയം സൂരജിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കാണിച്ച് വിജിലന്‍സ് ബാങ്കുകള്‍ക്ക് കത്ത് നല്‍കി.
തനിക്ക് അനധികൃത സ്വത്തില്ലെന്നും നികുതി കൃത്യമായി അടയ്ക്കുന്നയാളാണ് താനെന്നും സൂരജ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന് പുറത്ത് തനിക്ക് നിക്ഷേപമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റിലയന്‍സില്‍ നിക്ഷേപമുണ്ടെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നും തനിയ്‌ക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നില്‍ ശത്രുതയുള്ളവരാകാമെന്നും തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സഹോദരിയുടെ സ്ഥലം വിറ്റുകിട്ടിയ പണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനധികൃതമായി കോടിക്കമക്കിന് രൂപയുടെ സ്വത്തുവകകള്‍ സമ്പാദിച്ചുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കഴിഞ്ഞദിവസം സൂരജിന്റെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നത്. 1.83 കോടി രൂപയുടെ അനധികൃത സ്വത്ത് സൂരജിനുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സൂരജിനെ സസ്‌പെന്റ് ചെയ്യുവാന്‍ വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.